ഗുരുവായൂർ: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി നിറവിൽ കളഭാട്ടം നടന്നു. കളഭത്തിലാറാടിയ കണ്ണനെ ഒരു നോക്ക് കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ നിറവിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടായാണ് കളഭാട്ടം നടന്നത്.
പഞ്ചഗവ്യാഭിഷേകത്തോടെ എന്നും ഉച്ചപൂജയ്ക്ക് ഭഗവാന് കളഭംചാര്‍ത്തുന്നുണ്ടെങ്കിലും മണ്ഡല സമാപന ദിനത്തിലെ കളഭാട്ടം അതിവിശിഷ്ടവും പുണ്യ പ്രസിദ്ധിയാർജ്ജിച്ചതുമാണ്. സാധാരണയേക്കാൾ ഇരട്ടി അനുപാതത്തിലാണ് ചന്ദനവും കുങ്കുമവും അഭിഷേകത്തിന് തയ്യാറാക്കുന്ന കളഭത്തിൽ ഉപയോഗിക്കുക. ക്ഷേത്രം തന്ത്രിയാണ് രാവിലെ പൂജിച്ച കളഭം ഗുരുവായൂരപ്പന് അഭിഷേകം ചെയ്തത്. നാളെ നിര്‍മ്മാല്യദര്‍ശനം വരെ ഭഗവാന്‍ ഈ കളഭത്തിലാറാടി ഭക്തർക്ക് അനുഗ്രഹം ചൊരിയും.