Friday, September 20, 2024

ഗുരുവായൂരപ്പന് വഴിപാടായി കൃഷ്ണനാട്ടം കോപ്പുപെട്ടികൾ 

ഗുരുവായൂർ: ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടം കളിക്കാവശ്യമായ കോപ്പുപെട്ടികൾ വഴിപാടായി സമർപ്പിച്ചു. ക്ഷേത്രത്തിലും പുറം കളികൾക്കും കൃഷ്ണനാട്ടംകളി നടത്തുന്നതിന് വേണ്ട കോപ്പുപെട്ടികളാണ്. തിരുവനന്തപുരം ആനയറ സ്വദേശികളായ അഡ്വ.സി രാജേന്ദ്രൻ, സി.എൽ അജൻ, ദീപ രാജേന്ദ്രൻ എന്നിവർ ചേർന്ന് വഴിപാടായി സമർപ്പിച്ചത്. ഉച്ചപൂജയ്ക്കു  നട തുറന്ന ശേഷം കിഴക്കേ നടയിൽ ദീപസ്തംഭത്തിനു മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ കോപ്പുപെട്ടികൾ ഏറ്റുവാങ്ങി.

ശില്പി കോതാവിൽ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ വെള്ളിനേഴി കൃഷ്ണൻ ആചാരി സ്മാരക കോപ്പുനിർമ്മാണ കേന്ദ്രമാണ് പാരമ്പര്യവും തനിമയും നിലനിർത്തിക്കൊണ്ട് കോപ്പുപെട്ടികൾ നിർമ്മിച്ചു നൽകിയത്. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ, ദേവസ്വം തഹസിൽദാർ കൃഷ്ണകുമാർ കൊട്ടാരത്തിൽ, പബ്ലിക്കേഷൻ അസിസ്റ്റന്റ് മാനേജർ കെ.ജി സുരേഷ് കുമാർ, കലാനിലയം സൂപ്രണ്ട് ഡോ.മുരളി പുറനാട്ടുകര, ചുട്ടി വിഭാഗം ആശാൻ ഇ രാജു, ശില്പി കെ.ജനാർദ്ദനൻ എന്നിവർ സന്നിഹിതരായി. വിവിധ വലുപ്പങ്ങളിലുള്ള 26 പെട്ടികളും 4 സ്റ്റൂളുകളുമാണ് സമർപ്പിച്ചത്. കൃഷ്ണ മുടി, കിരീടങ്ങൾ, മദ്ദളങ്ങൾ തുടങ്ങി വ്യത്യസ്ത കോപ്പുകൾ പ്രത്യേകം പ്രത്യേകമാണ് സൂക്ഷിക്കുക. ചെറിയ വിശ്വരൂപം കിരീടം സൂക്ഷിക്കുന്നതിനുള്ള ഒരു പ്രത്യേക കോപ്പുപെട്ടി കോപ്പു നിർമ്മാണ കേന്ദ്രം വകയായും സമർപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments