Thursday, September 19, 2024

ഉണ്ണിയേശു ഇൻകുബേറ്ററിൽ! ഗസ്സയുടെ വേദന നെഞ്ചേറ്റി ബത്‍ലഹേമിലെ തിരുപ്പിറവി

ബത്‍ലഹേം: ഉണ്ണിയേശു ഇന്നായിരുന്നു പിറക്കുന്നതെങ്കിൽ, ഇസ്രായേൽ നരാധമൻമാർ ഇളംചോരവീഴ്ത്തി കുഞ്ഞുങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയ ഫലസ്‍തീനിൽ, ഏത് പുൽക്കൂട്ടിലായിരിക്കും കഴിയുക? ബത്‍ലഹേമിലെ യേശുവിന്റെ തിരുപ്പിറവി ദേവാലയത്തിന് മുന്നിൽ തയാറാക്കിയ ഇൻസ്റ്റലേഷൻ പറയുന്നു, തീർച്ചയായും അതൊരു ഇൻകുബേറ്ററിലായിരിക്കും.

ഇൻകുബേറ്ററിൽ വരെ കുഞ്ഞുങ്ങളെ കൊന്നാടുക്കുന്ന ഇസ്രായേൽ ​ഭീകരതയുടെ നേർ സാക്ഷ്യമാണ് ബത്‍ലഹേം ചർച്ചിന് (Church of Nativity) മുന്നിൽ സ്ഥാപിച്ച ‘ഇൻകുബേറ്ററിലെ ഉണ്ണിയേശു’ ശിൽപം. ഫലസ്തീൻ കലാകാരി റാണ ബിഷാറയും ശിൽപി സന ഫറാ ബിഷാറയും ചേർന്നാണ് ഇത് ഒരുക്കിയത്. ഗസ്സയുടെ വേദന ലോകത്തെ അറിയിക്കാൻ നിരവധി കലാസൃഷ്ടികൾ തയാറാക്കിയവരാണ് ഇരുവരും.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്താണ് ഇൻകുബേറ്റർ സ്ഥാപിച്ചത്. ചുവപ്പും വെള്ളയും കലർന്ന ഫലസ്തീനി കഫിയ്യ (ശിരോവസ്ത്രം) യിലാണ് ഉണ്ണിയേശുവിന്റെ വെങ്കല പ്രതിമ കിടത്തിയിരിക്കുന്നത്.

ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ഇത്തവണ ക്രിസ്മസ് ആഘോഷം വേണ്ടെന്നുവെച്ചിരുന്നു.

ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും നടക്കാറുള്ളത്. ആയിരങ്ങൾ എത്താറുള്ള ബത്‌ലഹേമിലെ ചർച്ച് ഓഫ് നേറ്റിവിറ്റിയും പരിസരവും വിജനമായിരുന്നു.

ഗസ്സയിലെ വംശഹത്യ ഉടൻ അവസാനിപ്പിക്കണമെന്ന് ബത്‌ലഹേം ഇവാഞ്ചലിക്കൽ ലുഥറൻ ചർച്ച് പാസ്റ്റർ റവ. ഡോ. മുൻതർ ഐസക് ആവശ്യപ്പെട്ടിരുന്നു. യേശു ഇപ്പോഴാണ് പിറക്കുന്നതെങ്കിൽ ഗസ്സയിലെ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിലാകുമെന്ന് മുൻതർ ഐസക് ചൂണ്ടിക്കാട്ടി. ക്രിസ്മസിന് മുന്നോടിയായി നടത്തിയ വിലാപ പ്രാർഥനയിൽ ഗസ്സയിലെ സമാധാനത്തിന് മുൻതർ ഐസക് ആഹ്വാനം ചെയ്തു.

‘നാം ശക്തിയിലും ആയുധങ്ങളിലും ആശ്രയിക്കുമ്പോൾ, കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണത്തെ ന്യായീകരിക്കുമ്പോൾ, യേശു അവശിഷ്ടങ്ങൾക്ക് അടിയിലാണ്. ഉടൻ തന്നെ വംശഹത്യ അവസാനിപ്പിക്കണം’ -മുൻതർ ഐസക് ചൂണ്ടിക്കാട്ടി.

യേശുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ 70 വർഷങ്ങൾക്ക് മുമ്പ് 86 ശതമാനത്തിലധികം ക്രൈസ്തവരായിരുന്നു. 1948ലെ യുദ്ധത്തിന് ശേഷം ഈ എണ്ണം കുറഞ്ഞു. 2017ൽ ഫലസ്തീൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫലസ്തീനിലെ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗസ്സ എന്നിവിടങ്ങളിലായി 47,000 ക്രൈസ്തവരാണുള്ളത്. വെസ്റ്റ് ബാങ്കിലാണ് 98 ശതമാനവും താമസിക്കുന്നത്. ഗസ്സയിൽ 1,000ഓളം പേർ ഉൾപ്പെടുന്ന ചെറിയ സമൂഹമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments