തൃശൂർ: പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടി ‘ഒറ്റ’. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസിന്റെ നാടകമാണ് സ്ത്രീക്കുള്ളിലെ പുരുഷനെ പുറത്തെടുത്ത് പകർന്നാട്ടം നടത്തി ശ്രദ്ധ നേടിയത്. ആമിനയായും, അബൂബക്കറായും വേഷമിട്ട എൻ.എൽ സാനിയ റോസിന്റെ പ്രകടനമികവ് കൂടിയായതോടെ ‘ ഒറ്റയ്ക്ക് ‘ അംഗീകാരമായി. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി അഹമ്മദ് മൊയ്‌നുദ്ദീൻ രചിച്ച ‘ഇരട്ട ജീവിതം’ എന്ന ചെറുകഥയാണ് ഷാജി നിഴലിന്റെ സംവിധാനത്തിൽ ഒറ്റയെന്ന നാടകമായത്. പുരുഷൻ സ്ത്രീയായി മാറുന്ന അവസ്ഥകളാണ് പല രചനകളും സിനിമകളും കൈകാര്യം ചെയ്യുന്നതെങ്കിൽ സ്ത്രീക്കുള്ളിലെ പുരുഷനാണ് ഒറ്റയെ വ്യത്യസ്തമാക്കിയത്. ആമിനയായി വിവാഹം കഴിഞ്ഞ് പോയവൾ അബ്ദുറഹിമാനായി വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും അവർ അനുഭവിക്കുന്ന ഒറ്റപ്പെടലാണ് പ്രമേയം. ദേവാനന്ദ്, പ്രിയനന്ദ എന്നിവരാണ് പ്രധാന സഹനടന്മാർ.