പാവറട്ടി: വാടകയ്ക്ക് നൽകിയ വീട് ഒഴിഞ്ഞുനൽകുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ വീട്ടുടമസ്ഥന്റെ മകളുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. വീട്ടുടമ പാവറട്ടി മരുതയൂർ സ്വദേശി അറയ്ക്കൽ ഹക്കീമിന്റെ മകൾ അർപ്പിത ഹുദ ഹക്കീം (18), അയൽവാസികളായ പടുവിങ്കൽ വീട്ടിൽ ഹംസ (55), സഹോദരൻ ഉമ്മർ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന വലിയകത്ത് വീട്ടിൽ റസീനാണ് ഇവരെ മർദിച്ചതെന്ന് വീട്ടുടമസ്ഥന്റെ ഭാര്യ ഷെഫീദയും ബന്ധുക്കളും പറഞ്ഞു. ഒരു വർഷംമുൻപാണ് മരുതയൂർ ചേന്നാട് പള്ളിക്ക് സമീപമുള്ള വീട് വീട്ടുടമ ഹക്കീം മരുതയൂർ സ്വദേശിയായ റസീമിന് വാടകയ്ക്ക് നൽകിയത്. വീട്ടുടമയും കുടുംബവും വിദേശത്തായിരുന്നു. ഇവർ തിരിച്ച് നാട്ടിലെത്തുമ്പോൾ വീട് ഒഴിഞ്ഞുനൽകണമെന്നും നേരത്തെ പറഞ്ഞിരുന്നു. വാടകക്കരാറിന്റെ കാലാവധി കഴിഞ്ഞശേഷം വീട്ടുടമ മൂന്നുമാസംകൂടി വാടകക്കാരന് താമസിക്കാൻ സൗകര്യം നൽകി. മൂന്നുമാസത്തെ കാലാവധി ശനിയാഴ്ച അവസാനിച്ചപ്പോൾ വിദേശത്തുനിന്നെത്തിയ വീട്ടുടമയുടെ ഭാര്യ ഷെഫീദയും മൂന്ന് മക്കളും വീട്ടിലെത്തി വീട് ഒഴിയേണ്ട കാര്യം പറഞ്ഞു. പക്ഷേ, വാടകക്കാരനായ റസീൻ ഇതിന് സമ്മതിച്ചില്ല. പിന്നീട് തർക്കവും ബഹളവുമായി. പോലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടക്കാത്തതിനാൽ ഇന്നലെ ഉച്ചയോടെ വീണ്ടും വീട്ടുടമയുടെ ഭാര്യയും മക്കളും വീട്ടിലെത്തി. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വീടിന്റെ വരാന്തയിൽ കുത്തിയിരുന്നു. ഇതിൽ ക്ഷുഭിതനായ വാടകക്കാരൻ ഗേറ്റ് പൂട്ടി ഷെഫീദയെയും മക്കളെയും മർദിക്കുകയായിരുന്നുവത്രേ. ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി. രംഗം വഷളായതോടെ വൈകീട്ടോടെ വാടകക്കാരൻ വീട് ഒഴിഞ്ഞുപോയി.