ഉപയോക്താക്കളുടെ സ്വകാര്യത വർദ്ധിപ്പിക്കുന്നതിനായി മറ്റൊരു പ്രൈവസി ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. കുറച്ച് മുമ്പ് അവതരിപ്പിച്ച ചാറ്റ് ലോക്ക് ഫീച്ചറിന് അധിക സുരക്ഷ നൽകാനായി ‘സീക്രട്ട് കോഡ്’ എന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചാറ്റുകൾക്ക് പ്രത്യേക പാസ്‌വേഡ് സെറ്റ് ചെയ്യാൻ അനുവദിക്കുന്നതാണീ ഫീച്ചർ.
നിങ്ങൾ സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ മറച്ചുവെക്കാൻ സഹായിക്കുന്ന ‘ചാറ്റ് ലോക്ക് ഫീച്ചർ’ ഈ വർഷമാദ്യമായിരുന്നു വാട്സ്ആപ്പ് റിലീസ് ചെയ്തത്. ഫോണിന്റെ പാസ്‌വേഡ്, ഫിംഗർ പ്രിന്റ്, ഫേസ് ഐഡി എന്നിവയെല്ലാം ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാൻ ഇത് അനുവദിക്കും. അങ്ങനെ ലോക്ക് ചെയ്ത ചാറ്റുകൾ ഒരു പ്രത്യേക ലിസ്റ്റാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആ ലിസ്റ്റ് വാട്സ്ആപ്പിന്റെ ഹോമിൽ ഏറ്റവും മുകളിലായി ദൃശ്യമാവുകയും ചെയ്യും. ഈ രീതി ഇഷ്ടമല്ലാത്തവർക്കാണ് ‘സീക്രട്ട് കോഡ്’ ഉപകാരപ്പെടുക.
ഇനി മുതൽ ലോക്ക്ഡ് ചാറ്റുകൾ ഹോം സ്ക്രീനിൽ നിന്ന് ഹൈഡ് ചെയ്യാൻ സാധിക്കും. ഒരു രഹസ്യ കോഡ് വാട്സ്ആപ്പിന്റെ സേർച് ബാറിൽ ടൈപ്പ് ചെയ്താൽ മാത്രമേ ലോക്ക് ചെയ്ത ചാറ്റുകൾ കാണാൻ സാധിക്കുകയുള്ളൂ. സീക്രട്ട് കോഡ് സെറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്.
1- ആദ്യം ലോക്ക് ചെയ്ത ചാറ്റുകളുടെ ലിസ്റ്റ് ഹോം സ്ക്രീനിൽ നിന്ന് തുറക്കുക.
2- ഏറ്റവും മുകളിലായി കാണുന്ന ത്രീ ഡോട്ട് മെനു തുറന്ന് Chat Lock Settings തുറക്കുക.
3- Hide Locked Chats എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
4 – ശേഷം സീക്രട്ട് കോഡ് സെറ്റ് ചെയ്യുക. (എളുപ്പത്തിൽ ഓർമിക്കാൻ സാധിക്കുന്ന കോഡുകൾ സെറ്റ് ചെയ്യാൻ ശ്രദ്ധിക്കുക)
സീക്രട്ട് കോഡ് ഫീച്ചർ ഒഴിവാക്കാനായി Hide Locked Chats എന്ന ഓപ്ഷൻ ഒഴിവാക്കിയാൽ മതി.