Friday, September 20, 2024

ചാവക്കാട് ഓവുങ്ങലിൽ രാഷ്ട്രീയ സംഘർഷം; മഹിളാ കോൺഗ്രസ് നേതാവ് ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്; നവകേരള സദസ്സ് കൂട്ടയോട്ടത്തിലേക്ക് ടെമ്പോ ട്രാവലർ ഓടിച്ചു കയറ്റാൻ ശ്രമിച്ചെന്ന് ആരോപണം

ചാവക്കാട്: എറണാകുളത്ത് നടന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷനിൽ പങ്കെടുത്ത് തിരികെ വരികയായിരുന്ന ടെമ്പോ ട്രാവലറിലുണ്ടായിരുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരും നവ കേരള സദസ്സ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന കൂട്ടയോട്ടത്തിൽ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ ചാവക്കാട് ഓവുങ്ങലിൽ വെച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. ടെമ്പോ ട്രാവലർ ഡ്രൈവർക്കും മഹിളാ കോൺഗ്രസ് നേതാവിനും പരിക്ക്. ടെമ്പോ ട്രാവലർ ഡ്രൈവർ വിഘ്നേശ്വര്‍, മഹിള കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡണ്ട് മഞ്ജു ഉണ്ണികൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. അതേസമയം ഗുരുവായൂർ എം.എൽ.എ, ഗുരുവായൂർ എ.സി.പി എന്നിവർ പങ്കെടുത്ത കൂട്ടയോട്ടത്തിലേക്ക് ടെമ്പോ ട്രാവലർ ഓടിച്ചു കയറ്റാൻ ശ്രമിച്ചുവെന്നാരോപിച്ച് നവകേരള സദസ്സ് പ്രചരണ കമ്മിറ്റി ചെയർമാൻ കെ.കെ മുബാറക് ചാവക്കാട് പോലീസിൽ പരാതി നൽകി. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. മുതുവട്ടൂർ ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ ഈ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതേസമയം ഇതുവഴി വന്ന ടെമ്പോ ട്രാവലർ കൂട്ടയോട്ടത്തിൽ പങ്കെടുത്തവരുടെ മുന്നിലേക്കെത്തി. തുടർന്ന് ഡ്രൈവറും കൂട്ടയോട്ടത്തിൽ പങ്കെടുത്തവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടയിൽ ഡ്രൈവർ വിഗ്നേഷിനെ ഒരു സംഘം ആക്രമിച്ചു. ഇത് തടയാൻ ശ്രമിക്കവെ മഹിള കോൺഗ്രസ് നേതാവ് മഞ്ജു കൃഷ്ണനും മർദ്ദനമേറ്റു. ഈ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച  വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ കൈ പുറത്തുണ്ടായിരുന്നവർ പിടിച്ച് തിരിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ രണ്ടുപേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments