കുന്നംകുളം: ചാവക്കാട് ഇരട്ടപ്പുഴയിൽ ക്ലബ്ബിൽ കളിക്കാൻ പോയ 10 വയസുകാരനെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 10 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ആലുങ്ങൽ വീട്ടിൽ ഷിബു എന്നു വിളിക്കുന്ന ശംഭുവിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2020 ലാണ് കേസ്സിന് ആസ്പദമായ സംഭവം. പത്ത് വയസ്സ് പ്രായമുള്ള കുട്ടി ഇരട്ടപ്പുഴയിലുള്ള വീടിന്റെ സമീപത്തെ ക്ലബ്ബിൽ കൂട്ടുകാരുമൊത്ത് കളിക്കാൻ പോയപ്പോഴാണ് പ്രതി ലൈംഗീക അതിക്രമം നടത്തിയത്. സംഭവത്തെ തുടർന്ന് ഭയപ്പെട്ടു പോയകുട്ടി ഇതെക്കുറിച്ച് ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് പഠിക്കുന്ന സ്കൂളിലെ അധ്യാപകരോട് പറയുകയയായിരുന്നു. തുടർന്ന് ചാവക്കാട് എസ്.ഐ ആയിരുന്ന എസ് സിനോജ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.ഐ ആയിരുന്ന യു.കെ ഷാജഹാൻ കേസ് അന്വേഷിക്കുകയും ചെയ്തു. എസ്.ഐ ആയ കെ.പി ആനന്ദാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ചാവക്കാട് സബ് ഇൻസ്‌പെക്ടർ ആയിരുന്ന സി.കെ നൗഷാദ് പ്രതിയുടെ പേരിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 32 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും മറ്റു തെളിവുകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ കെ.എസ് ബിനോയിയും പ്രോസിക്യുഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ സഫ്ന, അനുഷ എന്നിവരും ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബൈജുവും പ്രവർത്തിച്ചു.