ഗുരുവായൂർ : സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് നാല് ബാഗേജ് സ്കാനറുകൾ, ഡോർമെറ്റൽ ഡിറ്റക്ടർ, ഹാൻഡ്മെറ്റൽ ഡിറ്റക്ടറുകൾ, നിരീക്ഷണക്യാമറകൾ എന്നിവ സ്ഥാപിക്കും. തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ ഗുരുവായൂർ ദേവസ്വം അധികൃതരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ശബരിമലതീർഥാടനം തുടങ്ങുന്നതിനുമുമ്പ് ഇവ നടപ്പാക്കാനാണ് ശ്രമം. നിലവിൽ കിഴക്കേനടയിൽ മാത്രമാണ് ബാഗേജ് സ്കാനറുള്ളത്.
ഗുരുവായൂർ ദേവസ്വമാണ് ഇതിനുവേണ്ട പണം ചെലവാക്കുക. മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിക്കാനും യോഗം തീരുമാനിച്ചു. പഴകിയ സുരക്ഷാ ഉപകരണങ്ങൾ മാറ്റും. ഗുരുവായൂർ ദേവസ്വത്തിന്റെ ബഹുനില പാർക്കിങ് സമുച്ചയത്തിൽ ഡിജിറ്റൽ പാർക്കിങ് സംവിധാനം വേഗത്തിലാക്കാനും തീരുമാനമായി. ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റർ കെ.പി വിനയൻ, ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ കെ.ജി. സുരേഷ്, ടെമ്പിൾ സ്റ്റേഷൻ സി.ഐ. പ്രേമാനന്ദകൃഷ്ണൻ, ബോംബ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജൻ തുടങ്ങിയവർ പങ്കെടുത്തു.