ന്യൂഡല്‍ഹി: എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടാൻ ഇടയാക്കിയ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം. ‘മോദി’ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
എല്ലാ കള്ളന്മാരുടെപേരിലും മോദി എന്നുവരുന്നത് എന്തുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റംചെയ്തിട്ടില്ലെന്നും മാപ്പുപറഞ്ഞ് ശിക്ഷയൊഴിവാക്കാനാണെങ്കില്‍ നേരത്തേയാവാമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞദിവസം നല്‍കിയ അധിക സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ടാണെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് മാര്‍ച്ച് 23-ന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കര്‍ണാടകത്തിലെ കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പുപ്രസംഗത്തിലായിരുന്നു ക്രിമിനല്‍ മാനനഷ്ടക്കേസിന് ആധാരമായ പരാമര്‍ശം. ബി.ജെ.പി.യുടെ എം.എല്‍.എ.യായ പൂര്‍ണേഷ് മോദിയാണ് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ രാഹുലിനെതിരേ പരാതിനല്‍കിയത്. കേസില്‍ രാഹുലിനെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചതോടെ എം.പി.സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെട്ടു.