Saturday, November 23, 2024

അയ്യന്തോളിലെ 55 ലക്ഷം രൂപയുടെ സ്വർണ കവർച്ച നാടകം; മൂന്ന് ചാവക്കാട് സ്വദേശികൾ ഉൾപ്പെടെ അഞ്ച് പേർ കൂടി പിടിയിൽ

തൃശൂർ: അയ്യന്തോളിൽ സ്വർണാഭരണ നിർമാണ ശാലയിലെ ജീവനക്കാരനും സംഘവും ചേർന്ന് 55 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ അഞ്ച് പേർ കൂടി അറസ്റ്റിലായി. ചാവക്കാട് പുന്നയൂർ അകലാട് സ്വദേശികളായ മുക്കിലപീടികയിൽ വീട്ടിൽ എം.കെ ഷിഹാബ് (38), മച്ചിങ്ങൽ വീട്ടിൽ രാജേഷ് (40), ആലത്തയിൽ വീട്ടിൽ അലി (46), പെരുമ്പാവൂർ അയ്മുറിക്കര നിരവത്ത് വീട്ടിൽ രാകേഷ് (ഉണ്ണി-45), കോഴിക്കോട് ഫറൂക്ക് കടലുണ്ടി അറക്കൽ വീട്ടിൽ മുഹമ്മദ് അസ് ലം (36) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർ ബിന്ദുലാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂൺ 27ന് വൈകീട്ടാണ് തൃശൂർ അയ്യന്തോൾ ചുങ്കത്തിന് സമീപത്ത് വെച്ചാണ് സ്വർണം കവർന്നത്. സംഭവത്തിൽ ജീവനക്കാരനായ കാണിപ്പയ്യൂർ ചാങ്കര വീട്ടിൽ അജിത്ത് കുമാർ (52), ചാങ്കരവീട്ടിൽ മുകേഷ് കുമാർ(51), ചിറ്റന്നൂർ വർഗീസ് (52) എന്നിവർ അന്ന് തന്നെ അറസ്റ്റിലായിരുന്നു. അജിത്ത് കുമാറും മുകേഷും സഹോദരങ്ങളാണ്. മുണ്ടൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നുള്ള 1028.85ഗ്രാം സ്വർണാഭരണങ്ങളാണ് കവർന്നത്. ആഭരങ്ങൾ പുത്തൂരിലേക്കുള്ള മറ്റൊരു സ്ഥാപനത്തിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. അജിത് കുമാർ അറിയിച്ചതനുസരിച്ച് സഹോദരൻ മുകേഷം കൂട്ടാളികളും കാറിൽ എത്തുകയായിരുന്നു. കാറിൽ വന്ന മൂന്നംഗസംഘം ചുങ്കത്തിനടുത്തുവെച്ച് സ്‌കൂട്ടർ തടഞ്ഞ് ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയും പാലക്കാട്ടുവെച്ച് സ്വർണവും മൊബൈൽഫോണും തട്ടിയെടുത്ത് അവിടെ ഇറക്കിവിടുകയും ചെയ്തുവെന്നായിരുന്നു അജിത്കുമാർ സ്ഥാപനം ഉടമയെ വിളിച്ച് അറിയിച്ചത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നാടകം പൊളിയുകയായിരുന്നു. സംഘം തട്ടിയെടുത്ത സ്വർണം മുംബൈ പനവേലി‍യിൽ രണ്ടിടങ്ങളിലായി വിൽപ്പന നടത്തിയതും കണ്ടെത്തി. പ്രതികളെ ഇവിടെയെത്തിച്ച് തെളിവെടുക്കുകയും വിൽപ്പന നടത്തിയ സ്വർണം കട്ടിയാക്കിയത് പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ക്രിമിനൽ കേസുകളുണ്ട്. നേരത്തെ കവർച്ച നടത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തിയെടുത്ത കേസിൽ ആസൂത്രിതമായി ഗൂഡാലോചന നടത്തിയാണ് കവർച്ചയെന്നതടക്കം വകുപ്പുകളും കൂടുതലായി ചുമത്തി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് നൽകി. കേസിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments