Monday, November 25, 2024

തൃശൂരിൽ വീണ്ടും ഭൂചലനം

തൃശൂർ: തൃശൂരിൽ വീണ്ടും ഭൂചലനം. നേരത്തെ ഭൂചലനം അനുഭവപ്പെട്ട ആമ്പല്ലൂർ കല്ലൂർ മേഖലയിൽ തന്നെയാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചക്ക് ഒരു മണിയോടെയാണ് രണ്ട് സെക്കൻഡ് മാത്രമാണ് ഭൂചലനം നീണ്ടു നിന്നത്. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മേഖലയിൽ ഭൂചലനം അനുഭവപ്പെടുന്നത്. വല്ലച്ചിറ പഞ്ചായത്തിലെ കടലാശെരി, ഞെരുവുശ്ശേരി നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചില സ്ഥലങ്ങളിൽ കട്ടിലും മറ്റും ചെറിയ രീതിയിൽ അനങ്ങിയതായി നാട്ടുകാർ പറഞ്ഞു. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ മാത്രമാണ് തോത് രേഖപ്പെടുത്തുന്നത്. അതിനാൽ ഇത് ഭൂചലനമായി പരിഗണിക്കാറില്ല എന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ബുധനാഴ്ച രാവിലെയും വൈകീട്ടും തൃക്കൂര്‍ മേഖലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. ബുധനാഴ്ച രാവിലെ 8.16ന് ആണ് മേഖലയിൽ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. തൃക്കൂർ, കല്ലൂർ, വരന്തരപ്പള്ളി മേഖലയിലാണ് അനുഭവപ്പെട്ടത്. രണ്ട് സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ളതായിരുന്നു ഇത്. ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടർ വി.ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു. പിന്നീട് രാത്രി 11.29നായിരുന്നു രണ്ടാമത്തെ പ്രകമ്പനം. മൂന്ന് സെക്കന്‍ഡ് വരെ നീണ്ടുനിന്നതായിരുന്നു രാത്രിയിലെ ഭൂചലനം. ഇതാകട്ടെ അളഗപ്പനഗര്‍, പുതുക്കാട്, നെന്മണിക്കര, വരന്തരപ്പിള്ളി, പുത്തൂര്‍ മേഖലകളിലും ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിലും അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്നും പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ഭൂ ചലനം അറിഞ്ഞത്. റിക്ടർ സ്കെയിലിൽ മൂന്നിൽ താഴെ രേഖപ്പെടുത്തിയതിനാൽ ഭൂചലനമല്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും തുടർച്ചയായ ഭൂചലനങ്ങളിൽ ആശങ്കയിലും ഭീതിയിലുമാണ് ജനങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments