ചാവക്കാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് ഗുരുവായൂർ നിയോജക
മണ്ഡലത്തിലെ കടപ്പുറം റഹ്മാനിയ പള്ളിയുടെ പ്രദേശത്തെ അലൈൻമെന്റിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ കത്ത് നൽകി. തീരദേശ ഹൈവേ അലൈൻമെന്റ് റഹ്‌മാനിയ പള്ളിയുടെ ഭാഗത്ത് നിന്നും കിഴക്കോട്ട് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ച് പള്ളി കമ്മിറ്റിയും മഹല്ല് നിവാസികളും എം.എൽ.എയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയത്. റഹ്‌മാനിയ ജുമാമസ്ജിദിന്റെ ഖബര്‍സ്ഥാന്‍ അടക്കമുള്ള ഭാഗങ്ങള്‍ തീരദേശ ഹൈവേയുടെ ഭാഗമാകുന്നതോടെ ഇവിടെയുള്ള ആയിരത്തിലധികം വരുന്ന കുടുംബങ്ങള്‍ക്ക് കബറടക്ക ചടങ്ങുകൾ നടത്തുന്നതിന് സാധിക്കാതെ വരുമെന്നും ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ ആശങ്കയിലാണെന്നും എം.എൽ.എ മന്ത്രിയെ അറിയിച്ചു.