തൃശൂർ: നിലവിലെ തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്ത് കടപ്പുറം പഞ്ചായത്തിൽ ദൂരപരിധി 20 മീറ്ററാക്കി ചുരുക്കി നിയമം കൊണ്ടുവരണമെന്ന് കടപ്പുറം തീരദേശ അവകാശ സംരക്ഷണസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. തൃശൂരിൽ തീരദേശപരിപാലന അതോറിറ്റി നടത്തിയ ജില്ലാ ഹിയറിങ്ങിലാണ് സമിതി നേതാക്കൾ രേഖാമൂലം ആവശ്യം ഉന്നയിച്ചത്. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് കടപ്പുറം പഞ്ചായത്തിന്റെ ആവശ്യങ്ങൾ വേദിയിൽ ഉന്നയിക്കുകയും കേരള തീരദേശപരിപാലന അതോറിറ്റി മെമ്പർ സെക്രട്ടറിക്ക് നിവേദനം നൽകുകയും ചെയ്തു. ഉപദ്വീപായ കടപ്പുറം പഞ്ചായത്തിൽ പലയിടങ്ങളിലും പുഴയും കടലും തമ്മിലുള്ള അകലം 150 മീറ്ററിൽ താഴെയായതിനാൽ നിലവിലെ തീരദേശപരിപാലന നിയമം ഭേദഗതി ചെയ്ത് വീട് വയ്ക്കാനും കെട്ടിടം നിർമിക്കാനുമുള്ള ദൂരപരിധി കടലിൽനിന്നും പുഴയിൽ നിന്നും ഇരുപത് മീറ്ററാക്കി ചുരുക്കണമെന്ന് സമിതി നേതാക്കൾ ആവശ്യപ്പെട്ടു. കടപ്പുറം തീരദേശ അവകാശ രക്ഷാസമിതി ഭാരവാഹികളായ പി.കെ ബഷീർ, സി.ബി.എ ഫത്താഹ്, ഷുഹൈബ് കടപ്പുറം, സി.കെ. മജീദ് തൊട്ടാപ്പ്, പി.എസ്. മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.