ഏങ്ങണ്ടിയൂർ: ചേറ്റുവ കോട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നേരിട്ടെത്തി. ഏറെ ചരിത്രപ്രാധാന്യമുള്ളതും വിനോദ സഞ്ചാര കേന്ദ്രവുമായ ചേറ്റുവ കോട്ടയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
എങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട അഞ്ച് ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന കോട്ടയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ കോട്ടയുടെ പുറം ഭിത്തി നിര്‍മാണം നടത്തിയിരുന്നു. കോട്ട സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കോട്ടയുടെ കവാടത്തോട് ചേര്‍ന്ന് ഇരുവശങ്ങളിലുമായി നടപ്പാത ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്തുമായി ധാരണാ പത്രമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. കോട്ടയോട് ചേര്‍ന്നുള്ള ഒരു ഏക്കര്‍ സ്ഥലം പ്രയോജനപ്പെടുത്തി ടൂറിസം സാധ്യതകള്‍ കൂടുതലായി ഉപയോഗപ്പെടത്താനും പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
എന്‍.കെ അക്ബര്‍ എം എല്‍ എ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, പുരാവസ്തു വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി ഗീത, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.