തൃശൂർ: ബ്ലോക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡി.സി.സി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ. അജിത് കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുത്തതിലാണ് രാജി. പി.ജി ജയ്ദീപിനെയാണ് പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സുധാകരന്റെ നോമിനി ആയാണ് ജയ്ദീപിന്റെ നിയമനം. കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുകയാണെന്നും പ്രാഥമിക അംഗത്വം ഉള്‍പ്പടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും, വടക്കാഞ്ചേരി നഗരസഭ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നാമ നിര്‍ദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളില്‍ നിന്നും രാജി വെച്ചതായും അജിത്കുമാര്‍ അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അജിത്കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുന്നത് പ്രഖ്യാപിച്ചത്. മുണ്ടത്തിക്കോട് പഞ്ചായത്ത്മുന്‍ പ്രസിഡന്റാണ് അജിത് കുമാര്‍. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കുകയായിരുന്നു. വടക്കാഞ്ചേരി മേഖലയിലെ കോണ്‍ഗ്രസിന്റെ പ്രധാന ലീഡര്‍ ആണ് അജിത്കുമാര്‍.