Friday, September 20, 2024

കർണാടക മുഖ്യമന്ത്രി കസേരയോടടുത്ത് സിദ്ധരാമയ്യ; ഡൽഹിക്ക് പോകാതെ ശിവകുമാർ

ന്യൂഡൽഹി: വൻഭൂരിപക്ഷത്തിൽ കോൺഗ്രസ് ജയിച്ച കർണാടകയിൽ മുഖ്യമന്ത്രിപദത്തെച്ചൊല്ലി ആശയക്കുഴപ്പം തുടരുന്നു. മുതിർന്നനേതാവും മുൻമുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയിലേക്കാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. അതേസമയം, കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ തിങ്കളാഴ്ച വൈകീട്ട് ഡൽഹിയാത്ര റദ്ദാക്കി. ചർച്ചകളിലെ അസംതൃപ്തിയാണ് ശിവകുമാറിന്റെ ഇടച്ചിലിനുകാരണം. ചർച്ചകൾ ഇന്നും തുടരും.

ഡൽഹിയിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ഇന്നലെ വൈകീട്ടുചേർന്ന യോഗത്തിൽ തീരുമാനമൊന്നുമായില്ല. സിദ്ധരാമയ്യ ഡൽഹിയിലെത്തിയെങ്കിലും ചർച്ചകളുടെ ഭാഗമായില്ല. കർണാടകയിൽ പാർട്ടി നിയമിച്ച നിരീക്ഷകരായ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി സുശീൽകുമാർ ഷിന്ദേ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരും എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇന്നലെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യോഗത്തിനുശേഷം നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ഞായറാഴ്ച എം.എൽ.എ.മാർ നിയമസഭാകക്ഷിയോഗത്തിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിന്റെ രേഖകളും അതുസംബന്ധിച്ച റിപ്പോർട്ടും നിരീക്ഷകർ ഖാർഗെക്ക് കൈമാറി. സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പേരെഴുതിയ രഹസ്യബാലറ്റിൽ എല്ലാ എം.എൽ.എ.മാരെക്കൊണ്ടും അഭിപ്രായം എഴുതിവാങ്ങുകയായിരുന്നു. സിദ്ധരാമയ്യക്ക് 80-ലേറെ വോട്ടും ശിവകുമാറിന് 50-ൽത്താഴെ വോട്ടുമാണ് ലഭിച്ചതെന്നാണ് സൂചന. ചില എം.എൽ.എ.മാർ സ്വന്തം പേരെഴുതി. ചിലരാകട്ടെ മുഖ്യമന്ത്രിയായി ഖാർഗെ വരണമെന്ന അഭിപ്രായവുമെഴുതിയെന്നാണ് വിവരം.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ഖാർഗെയെ ചുമതലപ്പെടുത്തിയതോടെയാണ് കർണാടകവിഷയം ഹൈക്കമാൻഡിലേക്ക് എത്തിയത്. എം.എൽ.എ.മാർ ആരുടെകൂടെ എന്നതിൽ കേന്ദ്രനേതൃത്വത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. അതിനാലാണ് മൂന്ന് നിരീക്ഷകരെ നിയമിച്ച് അഭിപ്രായം തേടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments