കുന്നംകുളം: ആക്രമണ കേസുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടു. അയിനൂർ സ്വദേശി വിഷ്ണുവാണ് പോലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അയിനൂരിൽ ആർ.എസ്.എസ് പ്രവർത്തകനെ ആക്രമിച്ച കേസിലാണ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏപ്രിൽ 15 ന് അയിനൂരിൽ ആർ.എസ്.എസ് കാര്യവാഹ് ജിതിനെ ആക്രമിച്ച കേസിലെ പ്രതിയായിരുന്നു വിഷ്ണു എന്ന് പോലീസ് പറഞ്ഞു. ഇയാൾ വീട്ടിലുണ്ടെന്ന വിവരത്തെ തുടർന്ന് ഇന്നലെ രാത്രി അയിനൂരിലെ വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കുന്നംകുളം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. എന്നാൽ സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണ് വെട്ടിച്ച പ്രതി
ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.