കുന്നംകുളം: എട്ട് വയസുള്ള പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ ബന്ധുവായ യുവാവിന് 20 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. ചാവക്കാട് അഞ്ചങ്ങാടി വലിയകത്ത് വീട്ടിൽ 22 വയസ്സുള്ള റാഷിദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്. 2017 ഡിസംബറിൽ ക്രിസ്തുമസ് സ്കൂൾ അവധി കാലത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് ഇയാൾ വീട്ടിൽ കയറി പെൺകുട്ടിയെ ക്രൂരമായി ബലാൽസംഗം ചെയ്തത്.
പീഢനത്തിന് ഇരയായ പെൺകുട്ടി കൂട്ടുകാരികളോടും കൂട്ടുകാരികൾ അധ്യാപകരോടും പറഞ്ഞപ്പോളാണ് കാര്യങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെ പ്രതിക്കെതിരെ ചാവക്കാട് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി ലാൽകുമാറാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാവക്കാട് ഇൻസ്‌പെക്ടർ ആയിരുന്ന K. G. സുരേഷ്, ജി ഗോപകുമാർ എന്നിവർ പ്രതിയെ അറസ്റ്റ് ചെയ്ത് തുടരനേഷണം നടത്തി. ചാവക്കാട് ഇൻസ്‌പെക്ടർ ആയിരുന്ന എം.കെ സജീവ് ഈ കേസ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസ്സിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ K.S ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി Adv എം.കെ അമൃത, Adv എം.എം സഫ്ന എന്നിവരും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ബൈജുവും പ്രവർത്തിച്ചിരുന്നു.