ദുബായ്: ബഹുനില കെട്ടിടത്തിനു തീപിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചത് നാട്ടിൽ പുതിയതായി നിർമിച്ച വീടിന്റെ പാലുകാച്ചലിനു പോകാൻ തയാറെടുക്കുന്നതിനിടെ.
വീഡിയോ
വീടു നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഇവർ നാട്ടിൽ പോയി വന്നിരുന്നു. 11 വർഷം മുൻപായിരുന്നു വിവാഹം, കുട്ടികളില്ല. ഡ്രീം ലൈൻ ട്രാവൽ ഏജൻസി റിജേഷിന്റെ സ്വന്തം സ്ഥാപനമാണെന്നു ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ ആകെ 16 പേരാണ് മരിച്ചത്.
കോഴിക്കോട്ടെ മിഠായിത്തെരുവിനു സമാനമായി വ്യാപാര സ്ഥാപനങ്ങൾ നിറഞ്ഞ മേഖലയാണ് ദുബായിലെ ദെയ്റ. മലയാളികളുടെ അടക്കം ആയിരക്കണക്കിനു വ്യാപാര സ്ഥാപനങ്ങളുണ്ട്. സ്ഥാപന ഉടമകളും ജോലിക്കാരുമെല്ലാം പരിസരപ്രദേശങ്ങളിലാണ് താമസം. നൂറുകണക്കിന് ബാച്ചിലേഴ്സ് അപ്പാർട്ട്മെന്റുകളുമുണ്ട്. മലയാളികളുടെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ തലാൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്.
പുക ഉയരുന്നതു കണ്ടെങ്കിലും ഇത്ര വലിയ ദുരന്തമാണെന്ന സൂചന പോലും ഉണ്ടായിരുന്നില്ല. ഇന്ത്യക്കാർക്കു പുറമെ ആഫ്രിക്കക്കാരും പാക്കിസ്ഥാനികളും ഇവിടെ താമസിക്കുന്നുണ്ട്. പല മുറികളിലും പല തട്ടുകളായി കട്ടിലുകൾ ഇട്ട് അഞ്ചും ആറും പേരാണു കഴിയുന്നത്. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് പലരും ഇവിടേക്ക് ഓടിയെത്തിയത്. കെട്ടിടത്തിനു പുറത്ത് ആളുകൾ കൂട്ടം കൂടിയതോടെ പൊലീസ് എത്തി ബാരിക്കേഡുകൾ സ്ഥാപിച്ചു. ഇതുവഴിയുള്ള ഗതാഗതവും വഴി തിരിച്ചുവിട്ടു.
അപകടത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ചിലരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. അപകട ദൃശ്യങ്ങൾ പകർത്തുന്നതു രാജ്യത്തു കുറ്റകരമാണ്. അപകടം എത്ര വലുതാണെന്നോ, എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്നോ ആദ്യ ഘട്ടത്തിൽ വിവരം ലഭിച്ചിരുന്നില്ല. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി എത്തിയ ശേഷമാണ് മരിച്ചവരുടെ കണക്ക് പുറത്തു വന്നത്.