പാവറട്ടി: നവവധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മരുതയൂർ കാളാനി സ്വദേശി അയിനിപ്പുള്ളി പരമേശ്വരനാണ് മകൾ ഹിമ (25)യുടെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകിയത്. ബുധനാഴ്ചയാണ് ഹിമ കാളാനിയിലെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ചത്.
എളവള്ളി സ്വദേശിയായ പള്ളിയിൽ വീട്ടിൽ പ്രജീഷിന്റെ ഭാര്യയാണ് ഹിമ. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും മാനസികപീഡനം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഹിമയുടെയും പ്രജീഷിന്റെയും വിവാഹം. വിവാഹശേഷം ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനിടെ പ്രജീഷ് വിദേശത്തേക്കു പോവുകയും അവിടെനിന്ന് ഫോണിൽ വിളിച്ച് ഹിമയോട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് ലീഗൽ സെല്ലിൽ ഹിമയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവീട്ടുകാരെയും വിളിപ്പിച്ചിരുന്നു. ഹിമ ആത്മഹത്യ ചെയ്യുന്നതിന്റെ തലേന്ന് പ്രജീഷും സുഹൃത്തും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു.
ഹിമയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പാവറട്ടി പോലീസ് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ സംസ്കരിച്ചു.