Friday, November 22, 2024

കെ.കെ.അനീഷ്കുമാറും നിവേദിത സുബ്രഹ്മണ്യനും കോർ കമ്മിറ്റിയിൽ; ശോഭാ സുരേന്ദ്രനെയും ഇ ശ്രീധരനെയും പരിഗണിച്ചില്ല

തൃശൂർ: കേരളത്തിലെ ബി.ജെ.പിയെ നയിക്കാൻ കോർ പ്ലസ്. നിലവിലെ കോർ കമ്മറ്റി അംഗങ്ങൾക്കൊപ്പം അൽഫോൻസ് കണ്ണന്താനം, വിവി രാജേഷ്, കെ എഎസ് രാധാകൃഷ്ണൻ, അനീഷ് കുമാർ, പ്രഫുൽ കൃഷ്ണ, നിവേദിത എന്നിവരെ കൂടി ഉൾപ്പെടുത്തിയതാണ് കോർ പ്ലസ്. ഇതിൽ പ്രഫുൽ കൃഷ്ണ യുവമോർച്ചയുടേയും നിവേദിത മഹിളാ മോർച്ചയുടേയും അധ്യക്ഷരാണ്. ഇതോടെ ബിജെപി കേരളാ ഘടകത്തിലെ പ്രധാന നയരൂപീകരണ സമിതിയിൽ മുരളീധര പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമായി. കോർ പ്ലസിലേക്ക് ഉയർത്തപ്പെടുന്ന രാജേഷും അനീഷും പ്രഫുൽ കൃഷ്ണയും നിവേദിതയും ഉറച്ച മുരളീധര പക്ഷക്കാരാണ്.
കേരളത്തിലെ ക്രൈസ്തവരെ പാർട്ടിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് അൽഫോൻസ് കണ്ണന്താനത്തെ കോർ പ്ലസ് കമ്മറ്റിയിൽ എത്തിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്. ജോർജ് കുര്യനും ക്രൈസ്തവ വിഭാഗത്തിൽ നിന്നും കോർ പ്ലസിലുണ്ട്.

തിരുവനന്തുപരം ജില്ലാ പ്രസിഡന്റാണ് വിവി രാജേഷ്. തൃശൂരിലെ അധ്യക്ഷനാണ് അനീഷ് കുമാർ. തിരുവനന്തപുരത്തും തൃശൂരിലും ബിജെപിക്ക് ഏറെ പ്രതീക്ഷകളുണ്ട്. അതുകൊണ്ടാണ് ഈ രണ്ട് ജില്ലകളിലേയും ജില്ലാ അധ്യക്ഷന്മാരെ കോർ പ്ലസ് കമ്മറ്റിയിൽ എത്തിക്കുന്നത്. ഇതിനൊപ്പം യുവമോർച്ചാ-മഹിളാ മോർച്ചാ നേതാക്കളേയും ഉൾപ്പെടുത്തി. കെ സുരേന്ദ്രനുമായി അടുത്ത കാലത്തായി നല്ല സൗഹൃദത്തിലാണ് കെ.എസ് രാധാകൃഷ്ണൻ. കാലടി സർവ്വകലാശാല മുൻ വി.സി കൂടിയായ രാധാകൃഷ്ണനേയും കമ്മറ്റിയിലേക്ക് ഉയർത്തി.
ശോഭാ സുരേന്ദ്രന് ഒരു പരിഗണനയും പുനസംഘടനയിൽ നൽകിയില്ലെന്നതും ശ്രദ്ധേയമാണ്. ഈയിടെ സുരേന്ദ്രൻ ബി.ജെ.പി വേദിയിൽ തന്നെ പരോക്ഷമായി ശോഭയെ വിമർശിച്ചിരുന്നു. വേദിക്ക് പുറത്ത് അവർ മറുപടിയും നൽകി. ശോഭാ സുരേന്ദ്രനുമായി യാതൊരു സഹകരണവും ഈ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്ന സൂചനയാണ് കോർ പ്ലസും നൽകുന്നത്. സുരേഷ് ഗോപിയേയും ഉൾപ്പെടുത്തിയില്ല. നേരത്തെ സുരേഷ് ഗോപിയെ കോർ കമ്മറ്റിയിലേക്ക് എടുക്കാൻ ആലോചനയും തീരുമാനവും ഉണ്ടായിരുന്നു. എന്നാൽ പാർട്ടി പദവികളോട് താൽപ്പര്യമില്ലെന്ന് സുരേഷ് ഗോപി നിലപാട് എടുത്തു. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ ഒഴിവാക്കുന്നത്.
പതിമൂന്ന് പേരുടെ കോർ കമ്മറ്റിയാണ് ബി.ജെ.പിക്കുള്ളത്. ഇതിലേക്ക് ആറു പേർ കൂടി ഉൾപ്പെടുത്തിയാണ് കോർ പ്ലസ്. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കറും കമ്മറ്റിയിലുണ്ട്. അങ്ങനെ 20 അംഗ കമ്മറ്റിയായി കോർ കമ്മറ്റി മാറും. കെ സുരേന്ദ്രൻ, രാജഗോപാൽ, കേന്ദ്രമന്ത്രി വി മുരളീധരൻ, സി.കെ പത്മനാഭൻ, പി.കെ കൃഷ്ണദാസ്, കുമ്മനം രാജേശേഖരൻ, എം.ടി രമേശ്, ജോർജ് കുര്യൻ, സി കൃഷ്ണകുമാർ, പി സുധീർ, എ.എൻ രാധാകൃഷ്ണൻ, എം ഗണേശൻ, കെ സുഭാഷ് എന്നിവരാണ് കോർ കമ്മറ്റിയിലെ അംഗങ്ങൾ.
സുരേന്ദ്രനും ജോർജ് കുര്യനും കൃഷ്ണകുമാറും സുധീറും രാജേഷും പ്രഫുൽ കൃഷ്ണയും അനീഷും നിവേദിതയും കടുത്ത മുരളീധരപക്ഷക്കാരാണ്. അതായത് മുരളീധരനടക്കം ഒൻപതു പേർ ഒരു പക്ഷത്തുള്ളവർ. അൽഫോൻസ് കണ്ണന്താനവും രാധാകൃഷ്ണനും കുമ്മനവും രാജഗോപാലും നിഷ്പക്ഷരും. ഗണേശനും സുഭാഷും ആർ എസ് എസ് പ്രതിനിധികളാണ്. കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നത് എംടി രമേശും എ എൻ രാധാകൃഷ്ണനും മാത്രമാകും. അങ്ങനെ ബിജെപിയിലെ പ്രധാന നയരൂപീകരണ സമിതിയിൽ സുരേന്ദ്രനും മുരളീധരനും പിടിമുറുക്കുകയാണ്. പാർട്ടി നേതൃപദവിയിലേക്കില്ലെന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ പോലെ ജനകീയ വ്യക്തിത്വത്തെ ഒഴിവാക്കുന്നതെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ച മെട്രോമാൻ ഇ.ശ്രീധരനെയും പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയം.

എന്നാല്‍ കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചെന്ന വാര്‍ത്ത അംഗീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തയ്യാറായില്ല. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നേതൃതലത്തില്‍ അഭിപ്രായ ഭിന്നതയുണ്ടന്നുമുള്ള വാര്‍ത്തകള്‍ കെ. സുരേന്ദ്രന്‍ തള്ളി. എറണാകുളത്ത് ചേര്‍ന്ന ബി. ജെ. പി കോര്‍ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനത്തിന്റെ തയ്യാറെടുപ്പുകളെപറ്റി കോര്‍ കമ്മിറ്റി വിലയിരുത്തിയെന്നും മറ്റെല്ലാ ആരോപണങ്ങളും വസ്തുതാ വിരുദ്ധവുമാണെന്നാണ് പറയുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments