ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ ഏകോപനം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാനുമാണ് സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളുടെ യോഗം വിളിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിനുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫോണിൽ ബന്ധപ്പെടുകയും യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തമിഴ്‌നാട്ടിലും ദേശീയ തലത്തിലും കോൺഗ്രസിന്‍റെ പ്രധാന സഖ്യകക്ഷിയായ ഡി.എം.കെ പ്രതിപക്ഷ ഐക്യത്തിനുള്ള കോൺഗ്രസിന്‍റെ പദ്ധതിക്ക് പിന്തുണ നൽകി.
തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, രാഷ്ട്രീയ ജനതാദൾ, ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. അതിനാൽ യോഗത്തിന്‍റെ തീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല.
പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ ഒക്കെറ്റക്കെട്ടായി പ്രതിഷേധം ഉയർത്തിയ തൊട്ടുടനെയാണ് സുപ്രധാന നീക്കവുമായി കോൺഗ്രസ് എത്തിയത്. പ്രതിപക്ഷ ഐക്യം നിലനിർത്താൻ കഴിയുമെന്നും 2024 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാൻ കഴിയുമെന്നുമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.
കഴിഞ്ഞ മാസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ ഗുജറാത്തിലെ കോടതി ശിക്ഷിക്കുകയും തുടർന്ന് പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുകയും ചെയ്തതോടെ മോദി സർക്കാരിനെതിരേ പ്രതിപക്ഷ ഐക്യത്തിന് വഴിതെളിയുകയായിരുന്നു.
മോദി സർക്കാരിന്‍റെ കുതന്ത്രങ്ങളുടെ ഏറ്റവും പുതിയ തെളിവാണ് രാഗുൽ ഹാന്ധിക്കെതിരായ അയോഗ്യതയെന്ന് പ്രതിപക്ഷ നേതാക്കൾ പറയുന്നു. ഇതിനെതിരേ 14 രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഫെഡറൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ സർക്കാർ ലക്ഷ്യം വെക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.