ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകൾ ശൈഖാ മഹ്‌റ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ശൈഖ് മന ബിൻ മുഹമ്മദ് ബിൻ മന അൽ മക്തൂമും തമ്മിലുള്ള രാജകീയ വിവാഹം ഉറപ്പിച്ചു. വരന്റെ പിതാവ് എഴുതിയ കവിത ശൈഖ മഹ്‌റയും ശൈഖ് മനയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് കഴിഞ്ഞദിവസം തരംഗമായിരുന്നു. വിവാഹനിശ്ചയവേളയിൽ എഴുതിയ കവിതയാണ് സാമൂഹികമാധ്യമങ്ങളിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയം നടന്നെങ്കിലും എന്നാണ് വിവാഹം എന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിന്റെ പുത്രനാണ് ശൈഖ് മന. മാതാവ് ശൈഖ മദിയ ബിൻത് അഹമ്മദ് ബിൻ ജുമാ അൽ മക്തൂം. യു.എ.ഇ.യിൽ റിയൽ എസ്റ്റേറ്റും സാങ്കേതികവിദ്യയും ഉൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിൽ ശൈഖ് മനയുടെ പങ്കാളിത്തമുണ്ട്.
യു.എ.ഇ. ആംഡ് ഫോഴ്‌സ് നാഷണൽ സർവീസിൽ ഒരുവർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദുബായ് അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് സെക്യൂരിറ്റി ആൻഡ് റിസ്ക് മാനേജ്‌മെന്റിൽ ബിരുദം നേടി. ജീവകാരുണ്യപ്രവർത്തനങ്ങളിലും തത്പരനാണ്. കുതിരസവാരി അടക്കമുള്ള കായികരംഗത്ത് സജീവമാണ്. ഫ്രാൻസിലെ സ്‌കീയിങ് കേന്ദ്രമായ കോർഷവലിൽ സ്‌കീയിങ് ആസ്വദിക്കുന്ന ചിത്രങ്ങൾ ശൈഖ് മന അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.