കൊല്‍ക്കത്ത: 2023 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 81 റണ്‍സിന് തകര്‍ത്താണ് കൊല്‍ക്കത്ത വിജയമാഘോഷിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ 17.4 ഓവറില്‍ 123 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ബാംഗ്ലൂര്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി.
അടിച്ചുതകര്‍ത്ത ശാര്‍ദൂല്‍ ഠാക്കൂറും സ്പിന്‍ കെണിയൊരുക്കിയ വരുണ്‍ ചക്രവര്‍ത്തിയുമാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പികള്‍. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാര്‍ കൊല്‍ക്കത്തയുടെ വിജയത്തിന് മാറ്റേകി.
205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസ്സിയും ചേര്‍ന്ന് നല്‍കിയത്. ഇരുവരും നാലോവറില്‍ 42 റണ്‍സാണ് അടിച്ചെടുത്തത്. എന്നാല്‍ അഞ്ചാം ഓവര്‍ സ്പിന്നറായ സുനില്‍ നരെയ്‌നിനെ ഏല്‍പ്പിച്ച കൊല്‍ക്കത്ത നായകന്‍ നിതീഷ് റാണയുടെ തന്ത്രം ഫലിച്ചു.
അഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ അപകടകാരിയായ വിരാട് കോലിയെ ക്ലീന്‍ ബൗള്‍ഡാക്കി നരെയ്ന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 പന്തില്‍ നിന്ന് 21 റണ്‍സാണ് കോലിയുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ നായകന്‍ ഫാഫ് ഡുപ്ലെസ്സിയുടെ വിക്കറ്റ് പിഴുത് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും കരുത്തുകാട്ടി. 12 പന്തില്‍ 23 റണ്‍സാണ് ബാംഗ്ലൂര്‍ നായകന്റെ സമ്പാദ്യം.
പിന്നാലെ വന്ന ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ഹര്‍ഷല്‍ പട്ടേലിനെയും ബൗള്‍ഡാക്കി വരുണ്‍ അത്ഭുത ബൗളിങ് പുറത്തെടുത്തു. മാക്‌സ്‌വെല്‍ വെറും അഞ്ചുറണ്‍സ് മാത്രമാണെടുത്തത്. ഹര്‍ഷല്‍ പട്ടേലിന് റണ്ണെടുക്കാനും സാധിച്ചില്ല. ഹര്‍ഷലിന് പകരം വന്ന ഷഹബാസ് അഹമ്മദിനെ ശാര്‍ദൂലിന്റെ കൈയ്യിലെത്തിച്ച് സുനില്‍ നരെയ്ന്‍ ബാംഗ്ലൂരിന്റെ അഞ്ചാം വിക്കറ്റെടുത്തു. ഒരു റണ്‍ മാത്രമാണ് താരത്തിന് നേടാനായത്. അനാവശ്യ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചാണ് ഷഹബാസ് പുറത്തായത്. ഇതോടെ ബാംഗ്ലൂര്‍ 61 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
പിന്നാലെ വന്ന ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. 19 റണ്‍സെടുത്ത മൈക്കിള്‍ ബ്രേസ്‌വെല്‍ മാത്രമാണ് പിടിച്ചുനിന്നത്. താരത്തെ ശാര്‍ദൂല്‍ ഠാക്കൂര്‍ പുറത്താക്കി. ദിനേശ് കാര്‍ത്തിക്ക് (9), അനൂജ് റാവത്ത് (1), കരണ്‍ ശര്‍മ (1) എന്നിവര്‍ അതിവേഗത്തില്‍ പുറത്തായി.
അവസാന വിക്കറ്റില്‍ ഡേവിഡ് വില്ലിയും ആകാശ് ദീപും ചേര്‍ന്ന് ചെറുത്തുനിന്നെങ്കിലും അധികനേരം നീണ്ടുനിന്നില്ല. 18-ാം ഓവറില്‍ ആകാശ് ദീപിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി ബാംഗ്ലൂര്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ആകാശ് 17 റണ്‍സെടുത്തു. ഡേവിഡ് വില്ലി 20 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി 3.4 ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റെടുത്തു. യുവതാരം സുയാഷ് ശര്‍മ മൂന്ന് വിക്കറ്റ് പിഴുതപ്പോള്‍ സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റ് നേടി. ശാര്‍ദൂല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. തകര്‍ന്നടിഞ്ഞ ബാറ്റിങ് നിരയെ ഒറ്റയ്ക്ക് തോളിലേറ്റി കൂറ്റന്‍ ടോട്ടലിലെത്തിച്ച ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ ഠാക്കൂറാണ് കൊല്‍ക്കത്തയുടെ ഹീറോ. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത റിങ്കു സിങ്ങും കൊല്‍ക്കത്തയ്ക്ക് വേണ്ടി തിളങ്ങി.
ഏഴാമനായി ക്രീസിലെത്തിയ ശാര്‍ദൂല്‍ അത്യുഗ്രന്‍ ഷോട്ടുകളുമായി കളം നിറഞ്ഞു. 89 റണ്‍സിന് അഞ്ചുവിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് ശാര്‍ദൂലിന്റെ പ്രകടനമാണ്. ശാര്‍ദൂലിന് പുറമേ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ കൊല്‍ക്കത്തയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. റഹ്‌മാനുള്ള ഗുര്‍ബാസും വെങ്കടേഷ് അയ്യരും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഗുര്‍ബാസ് അനായാസം ബാറ്റുവീശിയപ്പോള്‍ വെങ്കടേഷ് പതറി. ഏഴ് പന്തില്‍ വെറും മൂന്ന് റണ്‍സ് മാത്രമെടുത്ത വെങ്കടേഷിനെ നാലാം ഓവറില്‍ തന്നെ ഡേവിഡ് വില്ലി ക്ലീന്‍ ബൗള്‍ഡാക്കി. റീസ് ടോപ്ലിയ്ക്ക് പകരം അവസരം ലഭിച്ച വില്ലി തൊട്ടടുത്ത പന്തില്‍ മൂന്നാമനായി ക്രീസിലെത്തിയ മന്‍ദീപ് സിങ്ങിനെയും ക്ലീന്‍ ബൗള്‍ഡാക്കി കൊടുങ്കാറ്റായി. ആ ഓവര്‍ മെയ്ഡനാക്കിയ വില്ലി രണ്ട് വിക്കറ്റും വീഴ്ത്തി ബാംഗ്ലൂരിന് സ്വപ്‌നതുല്യമായ തുടക്കം സമ്മാനിച്ചു.
നാലാമനായി ക്രീസില്‍ വന്ന നായകന്‍ നിതീഷ് റാണയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. അനാവശ്യമായി റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച റാണ മിച്ചല്‍ ബ്രേസ്‌വെല്ലിന്റെ പന്തില്‍ വിക്കറ്റ്കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അഞ്ചുപന്തില്‍ വെറും ഒരു റണ്‍ മാത്രമാണ് താരത്തിന്റെ സമ്പാദ്യം.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും റണ്‍റേറ്റ് കുറയാതെ ഗുര്‍ബാസ് തകര്‍ത്തടിച്ചു. വൈകാതെ ഗുര്‍ബാസ് അര്‍ധസെഞ്ചുറി കുറിച്ചു. 38 പന്തില്‍ നിന്നാണ് ഗുര്‍ബാസ് അര്‍ധസെഞ്ചുറി നേടിയത്. എന്നാല്‍ കരണ്‍ ശര്‍മ ചെയ്ത 11-ാം ഓവറില്‍ അനാവശ്യ ഷോട്ട് കളിച്ച ഗുര്‍ബാസ് ആകാശ് ദീപിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 44 പന്തില്‍ ആറ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 57 റണ്‍സെടുത്താണ് താരം ക്രീസ് വിട്ടത്.
പിന്നാലെ ക്രീസിലെത്തിയ അപകടകാരിയായ ആന്ദ്രെ റസ്സലിനെയും മടക്കി കരണ്‍ കൊല്‍ക്കത്തയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കാന്‍ ശ്രമിച്ച റസ്സല്‍ വിരാട് കോലിയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതോടെ കൊല്‍ക്കത്ത 89 ന് അഞ്ചുവിക്കറ്റ് എന്ന നിലയിലായി.
പിന്നാലെ വന്ന ശാര്‍ദൂല്‍ ഠാക്കൂറിനെ കൂട്ടുപിടിച്ച് റിങ്കു സിങ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 12.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. റിങ്കു സിങ്ങിനെ കാഴ്ചക്കാരനാക്കി ശാര്‍ദൂല്‍ വാലറ്റത്ത് തകര്‍ത്തടിച്ചു. വെറും 22 പന്തില്‍ ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ആഞ്ഞടിച്ച ശാര്‍ദൂല്‍ വെറും 20 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി നേടി ആരാധകരെ വിസ്മയിപ്പിച്ചു. ഒപ്പം ടീം സ്‌കോര്‍ 150 കടത്തുകയും ചെയ്തു. താരത്തിന്റെ ആദ്യ ഐ.പി.എല്‍ അര്‍ധശതകമാണിത്. ശാര്‍ദൂലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കൊല്‍ക്കത്ത സ്‌കോര്‍ 150 കടക്കാന്‍ സഹായിച്ചത്.
അവസാന ഓവറുകളില്‍ റിങ്കു സിങ്ങും ശാര്‍ദൂലും ടോപ് ഗിയറില്‍ കുതിച്ചതോടെ കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങി. ഹര്‍ഷല്‍ പട്ടേല്‍ ചെയ്ത 19-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടക്കം നേടിയ റിങ്കു ഓവറിലെ അവസാന പന്തില്‍ പുറത്തായി. 33 പന്തില്‍ 46 റണ്‍സെടുത്ത ശേഷമാണ് റിങ്കു ക്രീസ് വിട്ടത്. റിങ്കുവിന് പകരം സുനില്‍ നരെയ്ന്‍ ക്രീസിലെത്തി.
മുഹമ്മദ് സിറാജ് ചെയ്ത അവസാന ഓവറിലെ നാലാം പന്തില്‍ ശാര്‍ദൂല്‍ പുറത്തായി. വമ്പനടിയ്ക്ക് ശ്രമിച്ച ശാര്‍ദൂല്‍ മാക്‌സ്‌വെല്ലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 29 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 68 റണ്‍സെടുത്താണ് ശാര്‍ദൂല്‍ ക്രീസ് വിട്ടത്. പിന്നാലെ വന്ന ഉമേഷ് യാദവ് ബൗണ്ടറിനേടി ടീംസ്‌കോര്‍ 200 കടത്തി.
ബാംഗ്ലൂരിനായി ഡേവിഡ് വില്ലി നാലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, മിച്ചല്‍ ബ്രേസ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.