കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയില്‍ പിടിയില്‍. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് (ATS) ഇയാളെ പിടികൂടിയത്. വിവരമറിഞ്ഞ കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘം അവിടേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഘം കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഫോട്ടോ, ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനുസരിച്ചാണ് പ്രതിയിലേക്കെത്തിയത്. പിടികൂടിയ പ്രതിയെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കുമെന്നാണ് വിവരം.
റെയില്‍വേ ട്രാക്കില്‍നിന്ന് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച നോട്ടുപുസ്തകം, ഫോണ്‍ എന്നിവയില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം. പ്രതി യുപി സ്വദേശയാണെന്ന് സൂചന ലഭിച്ചതോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യുപിയിലെത്തി പ്രതിയുടെ വീട്ടില്‍ ഉള്‍പ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി മഹാരാഷ്ട്രയില്‍ പിടിയിലായത്.
ആലപ്പുഴയില്‍നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു യാത്രക്കാര്‍ക്ക് നേരേ പെട്രോളൊഴിച്ച് തീകൊളുത്തി പ്രതിയുടെ ക്രൂരകൃത്യം. സംഭവത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു.
Updating …