കൊച്ചി: രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേർക്ക് പരിക്കേറ്റു. എറണാകുളം പുത്തൻകുരിശ് വരിക്കോലിക്ക് സമീപമാണ് അപകടം ഉണ്ടായത്. പുത്തൻകുരിശിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ഇതരസംസ്ഥാന തൊഴിലാളി ഓടിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. ആംബുലൻസ് ഡ്രൈവർ, നഴ്സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാൾ, ബൈക്ക് ഓടിച്ച ഇതരസസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്.
അതിനിടെ, കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരുക്കേറ്റു. ജില്ലാ മൃഗാശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. കണ്ണാടിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസിന്‍റെ പിന്നില്‍ മുണ്ടേരി മൊട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, പാലക്കാട് വാണിയംകുളത്ത് കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 7 പേർക്ക് പരിക്കേറ്റു. നെന്മാറ വേല കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽപ്പെട്ടത്.
വയനാട് താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചുരം ഒൻപതാം വളവിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികർ കൊക്കയിലേക്ക് വീണു. വയനാട് ചുള്ളിയോട് സ്വദേശികളായ റാഷിദ്, ഷരീഫ് എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്