Saturday, November 23, 2024

അവണൂരിൽ രക്തം ഛർദിച്ച് മധ്യവയസ്കൻ മരിച്ചത് കൊലപാതകം; മകൻ കുറ്റസമ്മതം നടത്തി

തൃശൂർ: അവണൂരിൽ പ്രഭാതഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ തികയും മുമ്പ് രക്തം ഛര്‍ദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം. അവണൂര്‍ സ്വദേശി ശശീന്ദ്രൻ (57) ആണ് ഇന്നലെ മരിച്ചത്. മകൻ മയൂരനാഥനെ (25) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷ്യവിഷബാധയേറ്റതെന്ന സംശയത്തിലായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഭക്ഷ്യവിഷബാധയല്ലെന്നും വിഷാംശം തന്നെയാണ് മരണത്തിന് ഇടയാക്കിയതെന്ന് സ്ഥിരീകരിച്ചതോടെയാണ് പൊലീസ് മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെ‍യ്തത്. ശശീന്ദ്രന്‍റെ ആദ്യ ഭാര്യയിലെ മകനാണ് മയൂരനാഥൻ. രണ്ടാംഭാര്യയാണ് ഇപ്പോഴുള്ളത്. അമ്മയും ഭാര്യയും അടക്കം ഇതേ ഭക്ഷണം കഴിച്ച നാല് പേര്‍ക്ക് കൂടി ദേഹാസ്വാസ്ഥ്യത്തിൽ ആശുപത്രിയിൽ ചികിൽസയിലാണ്. ഏറെ നാളായി ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. സ്വത്ത് തർക്കത്തെ തുടർന്നുള്ള വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായത്. ആയൂർവേദ ഡോക്ടർകൂടിയായ മയൂരനാഥൻ ഓൺലൈനിലൂടെയാണ് വിഷക്കൂട്ടുകൾ എത്തിച്ചത്. വിഷം വീട്ടിൽ തന്നെ തയ്യാറാക്കുകയായിരുന്നു. പ്രഭാത ഭക്ഷണം ഇഡ്ഡലിയും സാമ്പാറും കടലക്കറിയുമായിരുന്നു. തയ്യാറാക്കിയ വിഷം ഇത് കടലക്കറിയിൽ ചേർക്കുകയായിരുന്നു. പ്രഭാതഭക്ഷണമായി ശശീന്ദ്രനും ഭാര്യയും അമ്മയും തെങ്ങ് കയറാനെത്തിയ രണ്ട് തൊഴിലാളികളും ഇത് കഴിച്ചുവെങ്കിലും മയൂരനാഥൻ കഴിച്ചിരുന്നില്ല. ഭക്ഷ്യവിഷബാധയാണെങ്കില്‍ അര മണിക്കൂറിനുള്ളില്‍ തന്നെ രക്തം ഛര്‍ദ്ദിച്ച് മരണത്തിന് കീഴടങ്ങുന്ന സാഹചര്യമുണ്ടാകില്ല എന്നതാണ് മരണത്തിന് കാരണമായിട്ടുള്ളത് വിഷാംശം തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ് നീങ്ങിയത്. പല സമയങ്ങളിലായാണ് ഓരോരുത്തരിലും ദേഹാസ്വാസ്ഥ്യം പ്രകടമായത് എന്നതും പൊലീസിനെ സംശയത്തിലാക്കുന്നു. ഭക്ഷ്യവിഷബാധയാണെങ്കില്‍ ഒരു മണിക്കൂര്‍ എന്നത് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാനുള്ള സമയമേ ആകൂ. അതായത് മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് അധികവും ഭക്ഷ്യവിഷബാധയില്‍ കാണുക. ശശീന്ദ്രന്റെ സംസ്കാരത്തിന് പിന്നാലെ മകൻ മയൂർനാഥിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം വിശദമായ ചോദ്യം ചെയ്യലിൽ മയൂരനാഥൻ കുറ്റസമ്മതം നടത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments