Friday, September 20, 2024

ഭക്ഷ്യ വിഷബാധയെന്ന് സംശയം; ചാവക്കാട് ഗൃഹനാഥൻ മരിച്ചു, രണ്ട് മക്കൾ ചികിത്സയിൽ

ചാവക്കാട്: ഹോട്ടലിൽനിന്ന് വാങ്ങിക്കൊണ്ടുവന്ന ചില്ലി ചിക്കൻ കഴിച്ചശേഷം ഛർദിയും വയറിളക്കവും ബാധിച്ച് അവശനിലയിലായ 52-കാരൻ മരിച്ചു. രണ്ട് മക്കൾ ആശുപത്രിയിലാണ്. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് പുതുവീട്ടിൽ പരേതനായ വേലായിയുടെയും മാരിയുടെയും മകൻ പ്രകാശനാണ് മരിച്ചത്.

പ്രകാശന്റെ മക്കളായ പ്രവീണും (22) സംഗീത(16)യും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രകാശൻ ചൊവ്വാഴ്ച രാത്രി അഞ്ചങ്ങാടിയിലെ ഹോട്ടലിൽനിന്ന് ചില്ലി ചിക്കൻ വാങ്ങിയിരുന്നത്രേ. പ്രകാശനും മക്കളും ഇത് കഴിച്ചു. മാംസം കഴിക്കുന്ന ശീലമില്ലാത്തതിനാൽ പ്രകാശന്റെ ഭാര്യ രജനി കഴിച്ചിരുന്നില്ല. രജനിക്ക് ആരോഗ്യപ്രശ്നങ്ങളില്ലാത്തതാണ് ഹോട്ടലിൽനിന്ന് വാങ്ങിയ ചില്ലി ചിക്കൻ കഴിച്ചതിലൂടെയുണ്ടായ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കാൻ കാരണം. പ്രകാശനും മക്കളും ബുധനാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടിലേക്ക് തിരിച്ചുപോയി. ഇന്ന് രാവിലെ അവശനിലയിലായ പ്രകാശനെ താലൂക്ക് ആശുപത്രിയിലെത്തിക്കുംമുമ്പേ മരിക്കുകയായിരുന്നു.

പ്രകാശൻ ചില്ലി ചിക്കൻ വാങ്ങിയ അഞ്ചങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ഓഫീസർ അരുൺ സി. കാര്യാട്ട്, കടപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ്, ജെ.എച്ച്.ഐ.മാരായ എൻ.കെ. ബിനോയ്, എസ്. സുപ്രരാജൻ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം, സോസ്, മുളകുപൊടി തുടങ്ങിയവയുടെ സാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്.

പ്രകാശന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകീട്ട് വീട്ടിലെത്തിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്താമാകൂയെന്ന് പോലീസ് അറിയിച്ചു. അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന പ്രകാശൻ രണ്ടു മാസംമുമ്പാണ് വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ അവധിക്ക് നാട്ടിലെത്തിയത്. സംസ്കാരം ഇന്ന് രാവിലെ പത്തിന് കടപ്പുറം പഞ്ചായത്ത് ശ്മശാനത്തിൽ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments