Friday, September 20, 2024

ഏങ്ങണ്ടിയൂരിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ മകന്റെ ദുരൂഹ മരണം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ്

ഏങ്ങണ്ടിയൂർ: ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ   മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകനായ യുവാവ് മരിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി ആവശ്യപ്പെട്ടു.

സി.പി.എം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സുധയുടെ മകൻ അമൽ കൃഷ്ണ എന്ന സോനു വാണ് മരണപ്പെട്ടത്. സി.പി.എം ലോക്കൽ സെക്രട്ടറി ജ്യോതിലാൽ, ഏരിയാ കമ്മിറ്റിയംഗം കെ.എച്ച് സുൽത്താൻ, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ഷെബിൻ എന്നിവർ ചേർന്നാണ്  ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായ കെ.ബി സുധയുടെ മകൻ അമൽകൃഷ്ണനെ
പരസ്യമായി മർദ്ദിച്ചത്.
ഫെബ്രുവരി ഒന്നിന് ഏങ്ങണ്ടിയൂർ പഞ്ചായത്താഫീസിൽ വെച്ചാണ് സംഭവം നടന്നത്. സിപിഎം നേതാവായ സുൽത്താൻ, മുമ്പ് ഏങ്ങണ്ടിയൂരിൽ നടന്ന ഒരു കൊലക്കേസിൽ പ്രതിയാണ്.
      നിയമസഭയിൽ പ്രതിപക്ഷത്തെ വനിതാ എം.എൽ.എയെ പോലും അക്രമിക്കുവാൻ മടി കാണിക്കാത്ത നേതാക്കളാണ് താഴെ തട്ടിലെ നേതാക്കൾക്ക് പ്രചോദനമാകുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുള്ള ഏങ്ങണ്ടിയൂരിൽ, സ്വന്തം പാർട്ടി പ്രവർത്തകർക്ക് നേരെയും അക്രമം അഴിച്ചു വിടുന്ന സിപിഎം നേതാക്കളെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.

അമൽ കൃഷ്ണന്റെ മരണത്തിൽ യൂത്ത് ലീഗ് അനുശോചനം രേഖപ്പെടുത്തി. ചികിത്സയിലായിരുന്ന അമൽ കൃഷ്ണനെ ഡിസ്ചാർജ് ചെയ്ത് വിദഗ്ദ ചികിത്സ നിഷേധിച്ച് വീട്ടിലേക്ക് കൊണ്ടുവന്നതിൽ ദുരൂഹതയുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കുവാനുള്ള ശ്രമങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യരുത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സി സി ടി വി തെളിവുകൾ പിടിച്ചെടുക്കണമെന്നും യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട്‌ എ എം സനൗഫൽ, ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ എന്നിവർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments