പുന്നയൂർ: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുക്കൽ ഭാഗമായി കല്ലിടൽ തുടങ്ങുന്ന സാഹചര്യത്തിൽ ഇരകളുടെ ആശങ്കയകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് നേതൃതല യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുന്നയൂർ പഞ്ചായത്തിലെ രണ്ടു വില്ലേജുകളിലും അടുത്ത ദിവസം സ്ഥലം നിർണ്ണയിച്ചുള്ള പിങ്ക് കല്ലിടുമെന്നുള്ള അറിവിനെ തുടർന്ന് തീരദേശത്തെ ജനങ്ങൾ ഏറെ ആശങ്കയിലാണ്. അലൈന്മെന്റിനെ കുറിച്ചോ ഇരകൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തെ കുറിച്ചോ യാതൊരു ധാരണയുമില്ലാതെ ജനങ്ങൾ ആശങ്കപ്പെടുമ്പോൾ അത് മാറ്റാനുള്ള ബാധ്യത അധികൃതർക്കുണ്ടെന്നും പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. യോഗം ആർ.വി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉമ്മർ മുക്കണ്ടത്ത്, സി അഷ്‌റഫ്, ടി.കെ ഉസ്മാൻ,മുനാഷ് മച്ചിങ്ങൽ, അസീസ് മന്ദലാംകുന്ന്, മൊയ്തീൻഷ പള്ളത്ത്, ജബ്ബാർ എടക്കഴിയൂർ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ എം കുഞ്ഞുമുഹമ്മദ് സ്വാഗതവും കെ.പി നൗഷാദ് നന്ദിയും പറഞ്ഞു.