ചാവക്കാട്: ബാർ അസോസിയേഷൻ അംഗവും ചാവക്കാട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.
കെ.ആർ രജിത്കുമാറിനെതിരെയുണ്ടായ കേസ്സ് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചാവക്കാട് ബാർ അസോസിയേഷൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിലെ ഒരു കേസ്സിലെ നടത്തിപ്പിനെ സംബന്ധിച്ചാണ് പരാതിക്കാരി രജിത്കുമാറിനെതിരെ സ്വകാര്യ അന്യായം ഫയലാക്കിയത്. ഈ കേസിൽ രജിത് കുമാർ പ്രോസിക്യൂട്ടർ അല്ലെന്നും ആൾമാറാട്ടം നടത്തിയാണ് കേസ്സിൽ അദ്ദേഹം ഹാജരാകാൻ ശ്രമിച്ചതെന്നാണ് ഹർജിക്കാരി ആരോപിക്കുന്നത്. എന്നാൽ രജിത്കുമാറിനെ ഈ കേസിൽ പ്രോസിക്യൂട്ടർ ആയി നിയമിച്ച് കൊണ്ട് കഴിഞ്ഞ ഡിസംബർ 12ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും ചാവക്കാട് ബാർ അസോസിയേഷൻ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി.
രജിത്കുമാറിനെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപമാനിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് സ്വകാര്യ അന്യായം ഫയൽ ചെയ്തതെന്നും ബാർ അസോസിയേഷൻ ആരോപിച്ചു. രജിത്കുമാറിനെതിരെയുള്ള ആസൂത്രിത ഗൂഢാലോചയെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി സത്യവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ.സിജു മുട്ടത്ത്, സെക്രട്ടറി അഡ്വ. ഷൈൻ മനയിൽ എന്നിവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.