കുന്നംകുളം: നെഞ്ചുവേദന അനുഭവപ്പെട്ട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ ഗുരുതരാവസ്ഥയെ തുടർന്ന് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി കൃത്യ സമയത്ത് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഗൃഹനാഥന് മരണം സംഭവിച്ചതായി ആരോപണം. കുന്നംകുളം നഗരസഭാ കൗൺസിലർ ഷാജി ആലിക്കലാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ പതിനൊന്നാം തീയതി പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.അതീവ ഗുരുതരാവസ്ഥയിൽ കുന്നംകുളം സ്വദേശി കാണിപ്പയ്യൂർ വീട്ടിൽ 48 വയസ്സുള്ള അപ്പു എന്ന സുധീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഈ സമയത്ത് ഇയാളുടെ ഓക്സിജന്റെ അളവ് കുറഞ്ഞതായും അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ട് ആംബുലൻസുകളെ ഓട്ടം വിളിച്ചു. എന്നാൽ 2 ആംബുലൻസുകളും ഓട്ടം വന്നില്ല എന്നാണ് പരാതി. ഇതേ സമയം മറ്റൊരു രോഗിയുമായി താലൂക്ക് ആശുപത്രിയിൽ എത്തിയ കേച്ചേരി ആക്ട്സ് ആംബുലൻസിൽ ഓക്സിജൻ ഉണ്ടോ എന്ന് അന്വേഷിക്കാതെ ഡോക്ടർ രോഗിയെ കയറ്റി കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ ആംബുലൻസ് കുന്നംകുളം സീനിയർ ഗ്രൗണ്ടിനടുത്ത് എത്തുന്നതിനു മുമ്പ് തന്നെ ഗൃഹനാഥൻ മരിക്കുകയും ചെയ്തു എന്നാണ് കൗൺസിലർ ഷാജി ആലിക്കലിന്റെ പരാതി. ഇതേ തുടർന്ന് നഗരസഭ കൗൺസിലർ സീതാ രവീന്ദ്രൻ ആശുപത്രി അധികൃതരിൽ നിന്നും വിശദീകരണം തേടി . ഡോക്ടർക്കും ഇതേസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർക്കും നോട്ടീസ് നൽകിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് മണികണ്ഠൻ പറഞ്ഞു.