ഗുരുവായൂർ: ആനക്കോട്ടയിലെ കെട്ടുതറിയിൽ തളർന്നുവീണ കൊമ്പൻ ജൂനിയർ മാധവൻ ചരിഞ്ഞു. 46 വയസ്സായിരുന്നു. മദപ്പാട് കഴിഞ്ഞ് എരണ്ടക്കെട്ടിന്റെ ചികിത്സയിലായിരുന്നു. തളർന്നുവീണ് അരമണിക്കൂറിനുശേഷം ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൈകീട്ട് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ ആനക്കോട്ടയിലെത്തി അടിയന്തര ചികിത്സയ്ക്ക് നിർദേശം നൽകിയിരുന്നു.
തൃശ്ശൂർപൂരത്തിന് പതിവായി പങ്കെടുക്കുന്ന ആനയാണ് ജൂനിയർ മാധവൻ. 1981 ജൂൺ 10-ന് കോഴിക്കോട് സ്വദേശി വി മാധവൻ മേനോനാണ് കൊമ്പനെ നടയിരുത്തിയത്. ജൂനിയർ മാധവൻ കൂടി ചരിഞ്ഞതോടെ ആനക്കോട്ടയിൽ ആനകളുടെ എണ്ണം 41 ആയി ചുരുങ്ങി.