ഗുരുവായൂർ: ഗുരുവായൂരപ്പന് ആറാട്ട് ദിനത്തിൽ ഇളനീർ അഭിഷേകം ചെയ്യാനുള്ള കരിക്കുമായി ഇരിങ്ങപ്പുറം തമ്പുരാൻ പടിക്കൽ കിട്ടയുടെ അനന്തരാവകാശികളെത്തി. ദേവസ്വം നേതൃത്വത്തിൽ അനന്തരാവകാശികൾക്ക് വരവേൽപ്പ് നൽകി. കിഴക്കേ നടപ്പുരയിലെ സത്രം ഗേറ്റിന് മുമ്പിൽ വെച്ചായിരുന്നു സ്വീകരണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭദ്രദീപം തെളിയിച്ചു. ദേവസ്വം ഭരണസമിതി അംഗം കെ.ആർ ഗോപിനാഥ് കിട്ടയുടെ അനന്തരാവശി കുടുംബത്തിലെ മുതിർന്ന അംഗം സുബ്രഹ്മണ്യനെ മാലയിട്ട് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്ടേറ്റർ കെ.പി വിനയൻ എന്നിവർ സന്നിഹിതരായി. കിട്ടയുടെ കുടുംബാംഗങ്ങായ ഇരുപതിലേറെ പേരാണ് ഇളനീരഭിഷേകത്തിനുള്ള കരിക്കുമായെത്തിയത്.

സ്വീകരണത്തെ തുടർന്ന് ചെയർമാൻ ഡോ.വി.കെ വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളും കൃഷ്ണനാട്ടം കലാകാരന്മാരും ഭക്തരും ദേവസ്വം ജീവനക്കാരും ചേർന്ന് നാമജപ ഘോഷയാത്രയായി സംഘത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.