Friday, September 20, 2024

ഗുരുവായൂർ ക്ഷേത്രോത്സവം; ഇന്ന് പള്ളിവേട്ട

ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട. ഗ്രാമബലിക്ക് ഭഗവാൻ ക്ഷേത്രംവിട്ട് എഴുന്നള്ളും. നാളെ തീർത്ഥക്കുളത്തിലെ ആറാട്ടിനും മതിൽക്കെട്ടിന് പുറത്തിറങ്ങും. രണ്ടുദിവസവും ശ്രീലകത്തിനു പുറത്താണ് സന്ധ്യയ്ക്ക് ദീപാരാധന. പള്ളിവേട്ടയ്ക്കും ആറാട്ടിനും തീർഥക്കുളം ചുറ്റിയുള്ള എഴുന്നള്ളിപ്പിനും മുമ്പ് വൈകീട്ട് അഞ്ചിന് കൊടിമരച്ചുവട്ടിൽ പൊൻമണ്ഡപത്തിൽ ഭഗവാനെ എഴുന്നള്ളിച്ചുവെയ്ക്കും.
ദീപാരാധന നടത്തും. ഇന്ന് ദീപാരാധന കഴിഞ്ഞാൽ മേളത്തോടെ പള്ളിവേട്ടയുടെ ഗ്രാമപ്രദക്ഷിണത്തിന് പുറപ്പെടും. മേളം പെരുവനം കുട്ടൻമാരാർ നയിക്കും. എഴുന്നള്ളിപ്പിനു ശേഷം പിടിയാന ദേവിയുടെ പുറത്ത് തിടമ്പുമാത്രമായി പുറത്തേക്ക് എഴുന്നള്ളും. ശ്രീലകത്തേക്ക് പ്രവേശിക്കാതെ നമസ്‌കാരമണ്ഡപത്തിൽ ഭഗവാന്റെ പള്ളിക്കുറുപ്പാണ്. ഞായറാഴ്ച രാവിലെ അഞ്ചിനുശേഷമേ പള്ളിയുണർത്തൂ.

പള്ളിയുറക്കം നമസ്കാരമണ്ഡപത്തിൽ

ഗുരുവായൂർ: ശ്രീലകംവിട്ട് പുറത്ത് നമസ്‌കാരമണ്ഡപത്തിലാണ് ഇന്ന് രാത്രി ഗുരുവായൂരപ്പന്റെ പള്ളിയുറക്കം. ഈ സമയം സന്നിധി നിശ്ശബ്ദമാകും. കട്ടിലിൽ തിടമ്പ് കിടത്തി തന്ത്രിയാണ് പള്ളിയുറക്ക ചടങ്ങ് നിർവഹിക്കുക. ആറാട്ടുദിവസമായ നാളെ രാവിലെ അഞ്ചിന് പശുക്കിടാവിന്റെ കരച്ചിൽ കേട്ടാണ് ഉണരുക. ഇതിന് പശുക്കുട്ടിയെ ശ്രീലകമുന്നിൽ ഒരുക്കി നിർത്തും. ഉണർന്ന ഭഗവാനെ അഭിഷേകം ചെയ്ത് അലങ്കരിക്കും. പുരാണം കേൾപ്പിച്ചശേഷം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments