Saturday, November 23, 2024

അധ്യാപകജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മൂന്ന്‌ പേർ പിടിയിൽ

പാവറട്ടി: അധ്യാപകജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മൂന്ന്‌ പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ പാട്യം കമലം വീട്ടിൽ പ്രശാന്ത് (45), എടക്കാട് ചാല വെസ്റ്റ് പുതിയപുരയിൽ ശരത്ത് (25), മറ്റം പോത്തൻമാഷ് കുന്ന് സ്വദേശി മഞ്ജുളവർണൻ (46) എന്നിവരെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ താനൂരിൽവെച്ച് വാഹനം തടഞ്ഞുനിർത്തിയാണ് പിടികൂടിയത്. വാക മാലതി സ്‌കൂളിൽ അധ്യാപകനിയമനം നടത്താമെന്ന് പറഞ്ഞാണ് സംഘം പണം തട്ടിയത്. ഗുരുവായൂർ സ്വദേശിയുടെ കൈയിൽനിന്ന് 58 ലക്ഷം രൂപയാണ് തട്ടിയത്. ഗുരുവായൂർ സ്വദേശിയുടെ ഭാര്യയ്ക്കും അനുജത്തിക്കും ജോലി നൽകാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയത്. മറ്റു രണ്ടുപേരിൽനിന്നായി മുപ്പത് ലക്ഷത്തോളം രൂപയും തട്ടിയെടുത്തിട്ടുണ്ട്. രണ്ടുപേരുടെ പരാതിയിലാണ് പാവറട്ടി പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരുടെ പേരിൽ പാലക്കാട്, പീച്ചി, ചാലക്കുടി, കുന്നംകുളം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ സമാനരീതിയിൽ തട്ടിപ്പുനടത്തിയതിന്‌ കേസുണ്ട്. പാവറട്ടി പോലീസ് ഇൻസ്പെക്ടർ എം.കെ രമേഷ്, എസ്.ഐ.മാരായ എം അഫ്‌സൽ, എം ജോഷി, സീനിയർ സി.പി.ഒ സുമേഷ്, സി.പി.ഒമാരായ ഷിജു, സുവീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments