Friday, September 20, 2024

ഗുരുവായൂർ ആനയോട്ടം മാർച്ച് മൂന്നിന്; 19 ആനകൾ പങ്കെടുക്കും

ഗുരുവായൂർ: ഗുരുവായൂർ ഉത്സവത്തിനു മുന്നോടിയായുള്ള ആനയോട്ടം മാർച്ച് മൂന്നിന് നടക്കും. 19 ആനകളെയാണ് പങ്കെടുപ്പിക്കുക. മുന്നിൽ ഓടാനുള്ള അഞ്ച് ആനകളെ തലേദിവസം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. കൊമ്പൻമാരായ വിഷ്ണു, ദേവദാസ്, ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, രവികൃഷ്ണൻ, കണ്ണൻ, ഗോകുൽ, ചെന്താമരാക്ഷൻ, ബാലു, പിടിയാന ദേവി എന്നിങ്ങനെ 10 ആനകളിൽനിന്നാണ് അഞ്ചാനകളെ തിരഞ്ഞെടുക്കുക. ഇതിൽ ഗോപിക്കണ്ണൻ, ഗോപീകൃഷ്ണൻ, കണ്ണൻ എന്നീ കൊമ്പന്മാർ ആനയോട്ടതാരങ്ങളാണ്. ഇന്നലെ ചേർന്ന ആനയോട്ടം സബ് കമ്മിറ്റി യോഗത്തിലാണ് ഇത്രയും ആനകളുടെ പേര് അംഗീകരിച്ചത്. ആനയോട്ടത്തിന്റെ സുരക്ഷാക്രമീകരണങ്ങൾക്കായി കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിക്കും. പോലീസ്, അഗ്നിരക്ഷാസേന, ആനചികിത്സാസംഘം എന്നിവരെ ഉൾപ്പെടുത്തി ക്രൈസിസ് സ്‌ക്വാഡ് രൂപവത്കരിക്കും. ആനക്കോട്ടയിലെ അഞ്ച് പാപ്പാന്മാരുൾപ്പെടുന്ന മൂന്ന്‌ സ്‌ക്വാഡുകളും. ഓരോ സക്വാഡിന്റെയും മേൽനോട്ടത്തിന് ഒരു ആനക്കാരനുമുണ്ടാകും. ദേവസ്വം ഭരണസമിതിയംഗവും സബ് കമ്മിറ്റി ചെയർമാനുമായ കെ.ആർ. ഗോപിനാഥ് അധ്യക്ഷനായി. ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.എസ്. മായാദേവി, ആനചികിത്സകൻ ഡോ. ചാരുജിത്ത് നാരായണൻ, ആനപ്രേമിസംഘം സംസ്ഥാന പ്രസിഡന്റ് കെ.പി. ഉദയൻ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments