പോർക്കുളം: പോർക്കുളം കുതിരവേല പടിഞ്ഞാറ്റുമുറി, കിഴക്കുമുറി, തിരുത്തിക്കാട് ദേശക്കാരുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വെള്ളിയാഴ്ച പുലർച്ചെ മങ്ങാട് ഭഗവതീക്ഷേത്രത്തിൽനിന്ന് പറയെടുപ്പ് കുതിരപ്പന്തലിലെത്തി. കോമരം കല്പന നൽകിയതോടെ ദേശക്കാർ ചൂട്ട് കത്തിച്ച വെളിച്ചത്തിൽ കുതിരകളെ ചുമലിലേറ്റി മങ്ങാട് ഭഗവതീക്ഷേത്രത്തിലെത്തിച്ചു.
കുംഭഭരണിക്ക് ക്ഷേത്രത്തിൽ ദേശക്കാരുടെ നേതൃത്വത്തിൽ കുതിരകളുടെ പ്രദക്ഷിണം നടത്തും. വ്യാഴാഴ്ച രാവിലെ മുതലാണ് വേദക്കാട് പാടശേഖരത്തിൽ ദേശക്കാരുടെ നേതൃത്വത്തിൽ കുതിരകളെ നിർമിച്ചത്. നിർമാണം പൂർത്തിയാക്കി, ആഭരണങ്ങൾ അണിയിച്ച് വേദക്കാട് പാടത്തുള്ള കുതിരപ്പന്തിയിലേക്ക് എഴുന്നള്ളിച്ചു.