Friday, September 20, 2024

ചേറ്റുവയിലെ ഹാർബർ എൻജിനീയറിങ് ഓഫീസ് നിർത്തലാക്കുന്നു; പ്രവർത്തനം മാർച്ച് 31 വരെ

ഏങ്ങണ്ടിയൂർ: ഹാർബർ എൻജിനീയറിങ് വിഭാഗത്തിന്റെ ജില്ലയിലെ ഏക ഓഫീസായ ചേറ്റുവയിലെ സബ് ഡിവിഷൻ ഓഫീസ് നിർത്തലാക്കുന്നു. മാർച്ച് 31 വരെയാണ് ഓഫീസ് നിലനിൽക്കുക. ജില്ലയിലെ രണ്ട് മത്സ്യബന്ധന തുറമുഖങ്ങളായ ചേറ്റുവ, മുനക്കക്കടവ് ഹാർബറുകളുടെ ചുമതല ചേറ്റുവയിലെ ഓഫീസിനാണ്. ഇവയുടെ ഒന്നാംഘട്ടം പൂർത്തിയായെന്ന കാരണം പറഞ്ഞാണ് ഓഫീസ് നിർത്തലാക്കുന്നത്.

ഹാർബറുകളുടെ രണ്ടാംഘട്ട നിർമാണത്തിന്റെ നിർദേശങ്ങൾ സമർപ്പിച്ചിരിക്കെയാണ് ഓഫീസ് നിർത്തലാക്കുന്നതിനുള്ള ഉത്തരവിറങ്ങിയതെന്നുള്ളതാണ് ശ്രദ്ധേയം.

ജില്ലയിലെ 54 കിലോമീറ്റർ വരുന്ന തീരദേശത്തിന്റെ ചുമതലയും തീരദേശ റോഡുകളുടെ നിർമാണച്ചുമതലയും ഈ ഓഫീസിനാണ്. ഏഴ് നിയോജകമണ്ഡലങ്ങളിലായി ചാവക്കാട്, കൊടുങ്ങല്ലൂർ നഗരസഭകളുൾപ്പെടെ 34 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇപ്പോൾ ജോലികൾ നടന്നുവരുന്നുണ്ട്. പുതുക്കാട്, മാള, അന്നമനട, ചേലക്കര മേഖലകളിലും പണി നടക്കുന്നുണ്ട്. ഇവയൊക്കെ ഓഫീസ് നിർത്തുന്നതോടെ അനിശ്ചിതത്വത്തിലാകും.

ചേറ്റുവ, മുനക്കക്കടവ് ഹാർബറുകളിലായി 28 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കയ്പമംഗലം, വലപ്പാട് ഫിഷ് ലാൻഡിങ് സെന്ററുകളുടെ സാധ്യതാപഠനം നടക്കുകയാണ്. ഇവയുടെ നിർമാണത്തിന് ഹാർബർ എൻജിനീയറിങ് വകുപ്പാണ് മേൽനോട്ടം വഹിക്കേണ്ടത്. മറ്റ് തീരദേശ ജില്ലകളിൽ ഡിവിഷൻ ഓഫീസും ഒന്നിലേറെ സബ് ഡിവിഷൻ ഓഫീസുകളും ഉള്ളപ്പോഴാണ് ജില്ലയിലെ ഏക സബ് ഡിവിഷൻ ഓഫീസിന് പൂട്ടുവീഴാറായത്.

ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും രണ്ട് അസിസ്റ്റന്റ് എൻജിനീയറും നാല് ഓവർസീയർമാരും ക്ലർക്കും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനുമടങ്ങുന്നതാണ് ചേറ്റുവയിലെ ഓഫീസ്. ഡിവിഷൻ ഓഫീസും കൂടുതൽ സബ് ഡിവിഷൻ ഓഫീസുകളും ജില്ലയ്ക്ക് അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കുമ്പോൾ സബ് ഡിവിഷൻ ഓഫീസ് തന്നെ ഇല്ലാതാകുകയാണ്. വിഷയത്തിൽ എം.എൽ.എ.മാരെ ഇടപെടുത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ട്. ചേറ്റുവയ്ക്കുപുറമേ ചെറുവത്തൂർ, കൊയിലാണ്ടി സബ് ഡിവിഷൻ ഓഫീസുകളും മാർച്ച് 31-ന് ഇല്ലാതാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments