ന്യൂഡൽഹി: കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്ന് മുസ്ലിം ലീഗ്. പാർട്ടിയുടെ പ്രവർത്തനം മതേതരമാണ്. കേരളത്തിൽ സംസ്കൃത സർവ്വകലാശാല ആരംഭിച്ചത് മുസ്ലിം ലീഗിന്റെ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീർ ആണെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടി. കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിയിലാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.
പാർട്ടി ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ലീഗിന്റെ മതേതര പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ മുസ്ലിം ഇതര വിഭാഗങ്ങളിൽ നിന്ന് നിരവധി പേരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചിട്ടുണ്ട്. എം. ചടയനും, കെ പി രാമനും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. യു സി രാമൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യവും സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഐക്യമാണ് ശക്തിയെന്നതാണ് മുസ്ലിം ലീഗിന്റെ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1992 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് കലാപ കലുക്ഷിതമായ ദിനങ്ങളിൽ കേരളം ശാന്തമായിരുന്നു. അന്ന് സമാധാനം ഉറപ്പാക്കാൻ മുന്നിട്ടിറങ്ങിയത് പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ആയിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. മതസൗഹാർദ്ദം ഉറപ്പാക്കാൻ സാദിഖ് അലി തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ സംബന്ധിച്ചും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
1948 ൽ മദ്രാസിലെ രാജാജി ഹാളിൽ ചേർന്ന യോഗത്തിലാണ് മുസ്ലിം ലീഗ് രൂപികൃതമായത്. ഭരണഘടന രൂപീകൃത സമിതിയിലെ അംഗമായ എം മുഹമ്മദ് ഇസ്മെയിൽ ആയിരുന്നു ആദ്യ കൺവീനർ എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ 29 (എ), 123 (3) (3എ) എന്നീ വകുപ്പുകൾ പ്രകാരം മതപരമായ ചിഹ്നമോ പേരോ ഉപയോഗിച്ച് സ്ഥാനാർഥികൾ വോട്ടുതേടാൻ പാടില്ലെന്നാണ് ഹർജിക്കാരന്റെ ആവശ്യം. എന്നാൽ ലീഗിന്റെ ഒരു സ്ഥാനാർഥിയുടെയും തിരഞ്ഞെടുപ്പ് മതത്തിന്റെ പേരിൽ വോട്ട് തേടിയതിന് ജനപ്രാതിനിധ്യ നിയമത്തിന്റെ 123(3), 123 (34) വകുപ്പുകൾ പ്രകാരം റദ്ദാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
ലീഗിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിക്കാരനായ സയ്യദ് വാസിം റിസ്വിവിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. മതഭ്രാന്തനായ ഇദ്ദേഹം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്ന വ്യക്തിയാണ്. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഹർജി തള്ളണമെന്നാണ് ലീഗിന്റ ആവശ്യം.