പട്ന: പഠാന് സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിലെ പ്രധാനതാരങ്ങളായ ദീപിക പദ്കോണിനും ഷാരൂഖ് ഖാനുമെതിരെ വിവാദപരാമര്‍ശവുമായി ബിജെപി എംഎല്‍എ. ദീപിക ‘തുക്ഡെ-തുക്ഡെ സംഘത്തിലെ അംഗ’മാണെന്നും ഷാരൂഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ ‘ഏജന്റാ’ണെന്നുമാണ് ബിഹാറിലെ ബിജെപി എംഎല്‍എയായ ഹരി ഭൂഷണ് ഠാക്കൂര്‍ ബച്ചൗലിന്റെ ആരോപണം.
“കാവി നിറം ത്യാഗത്തേയും ലാളിത്യത്തേയുമാണ് സൂചിപ്പിക്കുന്നതെങ്കിലും തുക്ഡെ-തുക്ഡെ സംഘാംഗമായ ദീപിക ആ നിറത്തിലെ ഉള്‍വസ്ത്രം ധരിച്ചിരിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തും ജെഎന്‍യുവില്‍ നടന്ന പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദീപിക എന്തുകൊണ്ടാണ് ജെഎന്‍യുവില്‍ മാത്രം പോയത്? ഈ സിനിമയുമായി (പഠാന്) ബന്ധപ്പെട്ടവരെല്ലാം തന്നെ ഗസ്വ-എ-ഹിന്ദിനെ പിന്തുണയ്ക്കുന്നവരാണ്,” ഹരി ഭൂഷണ് ഠാക്കൂര്‍ പറഞ്ഞു.
ഷാരൂഖ് ഖാന് പി.എഫ്.ഐയുടെ ഏജന്റാണ്. ഹിന്ദുക്കളെ അപമാനിക്കുന്നതിന് വേണ്ടിയാണ് ഈ സിനിമ നിര്‍മിച്ചതുതന്നെ, ഠാക്കൂര്‍ തുടര്‍ന്നു.
നേരത്തെ ബിഹാറില്‍ പഠാന്റെ റിലീസ് തടയുമെന്ന ഭീഷണിയുമായി ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു. എന്തായാലും ബിഹാറില്‍ മികച്ച പ്രതികരണമാണ് പഠാന് നേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.