വടക്കേക്കാട്: വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗൻ ഇക്കഴിഞ്ഞ ദിവസം സ്റ്റേഷൻ പരിധിയിലെ എ.എം. എൽ.പി സ്കൂളിലെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. കുട്ടികൾ സദസ്സിനുമുന്നിൽ നിര നിരയായി ഇരുന്ന് മുഖ്യാതിഥിയുടെ പ്രഭാഷണം കേട്ടു. പ്രചോദനാത്മകമായ പ്രഭാഷണം കേട്ട കുട്ടികളുടെ മനസ്സിൽ അത്ഭുതങ്ങൾ വാരിയെറിഞ്ഞാണ് അദ്ദേഹം അന്ന് വേദിവിട്ടിറങ്ങിയത്.
പോലീസ് ഇൻസ്പെക്ടറുടെ വാക്കുകൾ നാലാം ക്ലാസ്സുകാരി സുഹാന ഫാത്തിമയുടെ മനസ്സിൽ തീപ്പൊരിയായി ജ്വലിച്ചു. അന്നു നടന്ന സംഭവങ്ങളുടെ വിശദാംശങ്ങളെല്ലാം അവൾ വീട്ടിൽ പോയി മാതാപിതാക്കളോടു പറഞ്ഞു.
സ്കൂളിലെ ചടങ്ങിൽ വന്ന് സംസാരിച്ചപ്പോൾ പോലീസ് ഇൻസ്പെക്ടറോട് സംസാരിക്കാനോ പരിചയപെടാനോ കഴിഞ്ഞില്ല. ആ വിഷമം അവളിലുണ്ടായിരുന്നു.
“എനിക്ക് ഇൻസ്പെക്ടർ സാറിനെ ഒന്നു കൂടി കാണണം”.
അവളുടെ ആഗ്രഹം പറഞ്ഞത് പിതാവ് സലീമിനോടാണ്.
സലീം ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ വന്നതാണ്. തിരക്കൊഴിയുന്ന സമയത്ത് വടക്കേക്കാട് പോലീസ് സ്റ്റേഷനിലേക്ക് മകളേയും കൂട്ടിക്കൊണ്ടുപോകാം എന്ന് അവൾക്ക് വാക്കു കൊടുക്കുകയും ചെയ്തു.
മകളുടെ ആവശ്യം സലീം, തന്റെ അനുജൻ സുധീറിനോടും പറഞ്ഞു. ഇതുകേട്ട സുധീർ, സുഹാനയെ കൂട്ടി, വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ എത്തി. പോലീസുദ്യോഗസ്ഥർ സുഹാനയെ ഇൻസ്പെക്ടർ അമൃത് രംഗന്റെ ഓഫീസ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. മികച്ച വാക്കുകൾ കൊണ്ട് തന്റെ മനസ്സിനെ പ്രചോദിതമാക്കിയ പോലീസുദ്യോഗസ്ഥനെ അടുത്തുകണ്ടപ്പോഴത്തെ അവളുടെ സന്തോഷം പറഞ്ഞറിയിക്കത്തക്കതല്ല. അവർ ഒരുമിച്ച് നിന്ന് ഒരു സെൽഫിയെടുത്തു.
കുടുംബത്തിലും സമൂഹത്തിലും കുട്ടികൾ അനുവർത്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടിയോട് വളരെ ലളിതമായി പറഞ്ഞു നൽകി. നന്നായി പഠിക്കണമെന്നും നല്ല കുട്ടിയാകണമെന്നും അവളെ ഉപദേശിച്ചു.
ഇതിനിടയിൽ സുഹാന ചോദിച്ചു
അങ്കിളേ…കളക്ടറാകാൻ എന്താ ചെയ്യേണ്ടത്…?
എനിക്ക് കളക്ടറാകണം, നാടിനുവേണ്ടി നല്ലതുചെയ്യണം.
പോലീസ് ഇൻസ്പെക്ടർ കുട്ടിയെ ചേർത്തുനിറുത്തി.
“നന്നായി പഠിക്കുകയും, ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്താൽ മോൾക്ക് തീർച്ചയായും കളക്ടറാകാം”.
സുഹാനയ്ക്ക് ഒരു സമ്മാനവും നൽകിയാണ് ഇൻസ്പെക്ടർ അവളെ യാത്രയാക്കിയത്.
ഇതിനുമുമ്പ് ഒരു ദിവസം, തിരുവളയന്നൂർ സ്കൂളിലെ ഒൻപതാം ക്ളാസ്സ് വിദ്യാർത്ഥി അമൽ ബാബുവും ഇൻസ്പെക്ടറെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗനെക്കുറിച്ച് “കാക്കിയിലെ സൂര്യൻ” എന്ന് പേരിട്ട് താൻ എഴുതിയ ഒരു കവിത സമ്മാനിക്കാനാണ് അമൽ അവിടെ വന്നത്.
വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ വിദ്യാലയങ്ങളിലും കോളേജുകളിലും നടത്തുന്ന ബോധവൽക്കരണ പരിപാടികളിലും ലഹരിവിരുദ്ധ ക്ലാസ്സുകളിലും ഇൻസ്പെക്ടർ അമൃത് രംഗൻ നയിക്കുന്ന ക്ലാസ്സുകൾ വളരെ പ്രശസ്തമാണ്. കാച്ചിക്കുറുക്കിയ വാക്കുകളിലൂടെ കുട്ടികളുടെ മനസ്സിലും സ്വഭാവത്തിലും നന്മയുടെ വേരോട്ടം സൃഷ്ടിക്കുന്ന സന്ദേശങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിലും ദൃശ്യമാധ്യമങ്ങളിലും വൈറൽ ആയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനോടൊപ്പം സമൂഹ സേവനവും നിർവ്വഹിക്കുന്ന വടക്കേക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃത് രംഗനേയും, തോളോടു തോൾ ചേർന്ന് പ്രവർത്തിക്കുന്ന സഹ പോലീസുദ്യോഗസ്ഥരേയും കാണുന്നതിനും സംസാരിക്കുന്നതിനും വിദ്യാർത്ഥികളുൾപ്പെടെയുള്ളവർ പോലീസ് സ്റ്റേഷനിൽ എത്തുന്നത് ഇപ്പോൾ പതിവു കാഴ്ചയാണ്.”