അന്തിക്കാട്: തൃപ്രയാറിലെ മെഡിക്കൽ സ്റ്റോറിൽനിന്ന് മരുന്നുമാറി നൽകിയത് കഴിച്ചതുമൂലം രോഗി മരിച്ചതായി പരാതി. താന്ന്യം പള്ളിപ്പറമ്പിൽ സുലൈമാൻ (66) ആണ് മരിച്ചത്. ദീർഘനാളായി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന അവസ്ഥയിലായിരുന്നു സുലൈമാൻ. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. തൃപ്രയാറിലെ മെഡിക്കൽ സ്റ്റോറിൽനിന്ന് വാങ്ങിയ മരുന്ന് കഴിച്ചതിനുശേഷം ഇദ്ദേഹത്തിന് വായിൽ വ്രണങ്ങൾ വന്നു. തുടർന്ന് കരളിനെ ബാധിച്ച് ഗുരുതരാവസ്ഥയിലായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറാണ് മരുന്നുമാറി നൽകിയതായി കണ്ടെത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം ബന്ധുക്കൾ അന്തിക്കാട് പോലീസിൽ പരാതി നൽകി. അസ്വാഭാവികമരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണമാരംഭിച്ചു.
കാൻസറിനുള്ള മരുന്നാണ് തെറ്റിനൽകിയതെന്നും ഇത് അഞ്ച് ദിവസം കഴിച്ചതിനുശേഷമാണ് സുലൈമാൻ ഗുരുതരാവസ്ഥയിലായതെന്നും ബന്ധുക്കൾ ആരോപിച്ചു. സുലൈമാൻ ചിറയ്ക്കൽ സെന്ററിൽ പലചരക്ക് കട നടത്തിയിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: സനു, ഫർസാന (മസ്‌ക്കത്ത്), ഫിറോസ് (ഖത്തർ), മരുമകൻ: ഷമീർ (മസ്‌ക്കത്ത്). കബറടക്കം ഇന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ചിറയ്ക്കൽ മുഹ്‌യ്ദ്ദീൻ പള്ളി കബർസ്ഥാനിൽ നടത്തും.