Friday, September 20, 2024

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വർണാഭരണങ്ങൾ കവർന്നു

കുന്നംകുളം: തൃശ്ശൂർ റോഡിലെ ശാസ്ത്രിജി നഗർ മൂന്നാം അവന്യൂവിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 90 പവനിലേറെ സ്വർണാഭരണങ്ങൾ കവർന്നു. പ്രശാന്തിയിൽ രാജന്റെ വീട്ടിലാണ് മോഷണം നടന്നത്. രാജന്റെ ഭാര്യ ദേവി തളിക്കുളത്തെ ബന്ധുവീട്ടിൽ വിവാഹത്തിന് പോയ സമയത്തായിരുന്നു കവർച്ച. സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

വീടിന്റെ മുകൾനിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിട്ടുള്ളത്. കിടപ്പുമുറികളിലെയും അടുക്കളയിലെയും അലമാരകളിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ട്. താഴത്തെ നിലയിലുള്ള കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ കവറിലാക്കിയാണ് സ്വർണാഭരണങ്ങളുണ്ടായിരുന്നത്.

90 പവനിലേറെ ആഭരണങ്ങളുണ്ടെന്നാണ് ദേവി പോലീസിന് നൽകിയ മൊഴി. ഞായറാഴ്‌ച പത്തുമണിയോടെ വിവാഹത്തിന് പോയ ഇവർ വൈകീട്ട് മൂന്നരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.

എ.സി.പി. ടി.എസ്. സിനോജ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി വിവരങ്ങൾ ശേഖരിച്ചു. അടുക്കളയിലെ സിങ്കിൽ പ്ലാസ്റ്റിക് കപ്പും കടലാസുകളും കത്തിച്ച നിലയിലാണ്. മോഷ്ടാവിന്റേതെന്ന് കരുതുന്ന പാന്റ്‌സും ഗ്ലൗസും ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. എൽ.ഐ.സി. കുന്നംകുളം ബ്രാഞ്ചിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ദേവി. ഇവർ തനിച്ചാണ് താമസം.

പഴഞ്ഞി എം.ഡി. കോളേജിലെ റിട്ട. അധ്യാപകൻ രാജൻ ഇപ്പോൾ എത്യോപ്യയിൽ അധ്യാപകനാണ്. മക്കളായ രാജേഷ് ഒഡിഷയിലും വൈഗ തിരുവനന്തപുരത്തും മെഡിസിന് പഠിക്കുകയാണ്. പരിസരത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും നിരീക്ഷണക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments