നടവരമ്പ്: വേളൂക്കര പഞ്ചായത്തിലെ കല്ലംകുന്ന് സഹകരണബാങ്കിന് കീഴിലുള്ള കോക്കനട്ട് കോംപ്ലക്സിൽ വൻ തീപിടിത്തം. പ്രധാന പ്ലാന്റിലെ യന്ത്ര സാമഗ്രികൾ, നാലായിരം ചതുരശ്ര അടി വരുന്ന നിർമാണ ശാലയിലെ ഫർണിച്ചറുകൾ, ഫ്രണ്ട് ഓഫീസ് സാമഗ്രികൾ, ഉത്പാദിപ്പിച്ച ഏഴു ടണ്ണോളം വരുന്ന വെളിച്ചെണ്ണ, രണ്ടു ടണ്ണോളം കൊപ്ര, പിണ്ണാക്ക്, ഓഫീസ് കെട്ടിടത്തിലെ ഉപകരണങ്ങൾ, ലാബിലെ ഉപകരണങ്ങൾ, പാക്കിങ് ഉപകരണങ്ങൾ, പാക്ക് ചെയ്തുവെച്ച ഉത്പന്നങ്ങൾ തുടങ്ങിയവ കത്തിനശിച്ചു. ഒരു കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമികമായ വിലയിരുത്തൽ.
രാവിലെ പത്തോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് കരുതുന്നു. സെക്യൂരിറ്റി ജീവനക്കാരൻ മില്ലിൽ തീയാളുന്നത് കണ്ട് ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. സംഘം ഭാരവാഹികൾ വിവരം അറിയിച്ചതിനെത്തുടർന്ന് ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, മാള, ചാലക്കുടി, പുതുക്കാട് എന്നീ അഗ്നിരക്ഷാസേനാ യൂണിറ്റുകൾ നാല് മണിക്കൂറോളം ശ്രമിച്ച് ഉച്ചയ്ക്ക് ഒന്നോടെയാണ് തീയണച്ചത്.
കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും തീപിടിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമാകുകയായിരുന്നു. മില്ലിന്റെ പിൻവശത്തെ ഡ്രയർ യൂണിറ്റ്, കൊപ്രസംഭരണശാല, സ്നാക്സ് യൂണിറ്റ് എന്നിവിടങ്ങളിലേക്ക് തീ വ്യാപിച്ചില്ല. വിവിധ വിഭാഗങ്ങളിലായി 33 ജീവനക്കാർ ഇവിടെ ജോലിചെയ്യുന്നുണ്ട്. ഞായറാഴ്ച അവധിയായതിനാൽ ജീവനക്കാർ മില്ലിൽ ഉണ്ടായിരുന്നില്ല.
കല്ലംകുന്ന് സഹകരണബാങ്കിന്റെ കീഴിൽ 2005-ലാണ് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിങ് യൂണിറ്റ് ആരംഭിച്ചത്.
കല്പശ്രീ എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന വെളിച്ചെണ്ണ കേരളത്തിലെ പല ജില്ലകളിലും വിപണനം നടത്തിവരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് രാത്രി പന്ത്രണ്ടിനാണ് താക്കോൽ സെക്യൂരിറ്റിയെ ഏൽപ്പിച്ച് ജീവനക്കാർ മടങ്ങിയത്.
യന്ത്രങ്ങൾക്കും മില്ലിനും ഇൻഷുറൻസ് ഉണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നും സംഘം പ്രസിഡന്റ് പി.എൻ. ലക്ഷ്മണൻ, സെക്രട്ടറി സി.കെ. ഗണേഷ് എന്നിവർ പറഞ്ഞു.