ദോഹ: മത്സരങ്ങൾക്കിടയിൽ നടക്കുന്ന പ്രവചനങ്ങൾ പലപ്പോഴും വലിയ ചർച്ചയായി മാറാറുണ്ട്. വളരെ വ്യതസ്തമായ രീതിയിൽ പ്രവചനം നടത്തുന്ന ആളാണ് ജോമ്പ എന്ന ഒമാൻ സ്വദേശി.
2010ൽ പോൾ നീരാളിയും 2014 ൽ ഷഹീൻ ഒട്ടകവുമൊക്കെ കയ്യടിക്കിയ പ്രവചനങ്ങളുടെ ലോകത്തേക്ക് ഇത്തവണ എത്തിയത് ഒരു ഒമാൻ സ്വദേശിയാണ്. ആര് ജയിക്കും ആര് തോൽക്കും എന്ന് പ്രവചിക്കുകയല്ല ജോമ്പ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അൽ ഹജ്കരിയുടെ രീതി. അൽപം വ്യത്യസ്‍തമാണ് ആ പ്രവചനം. മത്സരം നടക്കുന്ന ദിവസം ജോമ്പ ഒരു ടീമിന്റെ ജേഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തിലെത്തും അന്ന് ആ ടീം തോൽക്കും. ഇത് ആദ്യം നടന്നത് ഉദ്ഘാടന മത്സരത്തിലാണ്.
ഇക്വഡോർ- ഖത്തർ മത്സരത്തിൽ ജോമ്പ ഖത്തർ ജേഴ്‌സി അണിഞ്ഞായിരുന്നു സ്റ്റേഡിയത്തിൽ എത്തിയത്. ഖത്തറിന് അന്ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് അർജന്റീന സൗദി മത്സരത്തിൽ ജോമ്പ വീണ്ടും പ്രത്യക്ഷപ്പെട്ടു. സൗദിയുടെ അട്ടിമറി ജയം കണ്ട അന്നത്തെ മത്സരത്തിൽ ജോമ്പ ധരിച്ചിരുന്നത് അർജന്റീനയുടെ ജേഴ്‌സിയായിരുന്നു. തുടർന്ന് ക്വാർട്ടറിൽ ബ്രസീലിന്റെ ജേഴ്സിയും അണിഞ്ഞെത്തി ജോമ്പ. ക്രൊയേഷ്യയോട് ബ്രസീൽ തോറ്റത് ഷൂട്ട് ഔട്ടിൽ.
പോർച്ചുഗൽ മൊറോക്കോയോട് തോറ്റ ക്വാർട്ടറിൽ പോർച്ചുഗൽ ജേഴ്‌സിയായിരുന്നു ജോമ്പയുടെ ദേഹത്ത്. അർജന്റീന ക്രൊയേഷ്യ സെമിയിൽ ജോമ്പ ധരിച്ചിരുന്നത് ക്രൊയേഷ്യയുടെ ജേഴ്‌സി. മാറ്റമൊന്നുമുണ്ടായില്ല ക്രൊയേഷ്യ തോറ്റു. അർജന്റീന ഫ്രാൻസ് ഫൈനൽ കാണാൻ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് ജോമ്പയുടെ പ്രഖ്യാപനം. ഏത് ജേഴ്‌സി അണിഞ്ഞാവും എന്നത് നെഞ്ചിടിപ്പോടെ കാത്തിരിക്കുയാണ് ഇരു ടീമുകളുടെയും ആരാധകർ.