ഗുരുവായൂർ: വീടിന് പുറത്തെ റോഡിലേക്ക് ഇറങ്ങിയതാണ് ആദിത്യൻ. കൺമുന്നിൽ അതാ 500 രൂപയുടെ ഒരുകെട്ട് നോട്ട്. ഉടൻ റേഷൻകട ജീവനക്കാരിയായ അമ്മ പ്രീതയെ അറിയിച്ചു. പിന്നെ കൗൺസിലർ ജീഷ്മ സുജിത്ത്, പൊതുപ്രവർത്തകരായ ബഷീർ പൂക്കോട്, വിശ്വംഭരൻ എന്നിവരുമായി ആദിത്യൻ തുകയുമായി നേരെ ഗുരുവായൂർ പോലീസ് സ്റ്റേഷനിലേക്ക് പോയി. കപ്പിയൂർ മറോക്കി ബെന്നിയുടേതായിരുന്നു പണം. ബാങ്കിലെ കുറിയടയ്ക്കാനുള്ള 30,000 രൂപയായിരുന്നു അത്. സി.ഐ പി.കെ മനോജ് കുമാറിന്റെ സാന്നിധ്യത്തിൽ തുക ബെന്നിയെ ഏൽപ്പിച്ചു.
ബാങ്കിലേക്ക് ബെന്നി സൈക്കിളിൽ പോകുമ്പോഴായിരുന്നു റോഡിൽ പണം വീണുപോയത്. ബാങ്കിലെത്തി പണമടയ്ക്കാൻ നോക്കിയപ്പോഴായിരുന്നു തുക നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ പോലീസിൽ പരാതി നൽകി. കോട്ടപ്പടി കപ്പിയൂർ വെങ്കിട വീട്ടിൽ പരേതനായ അച്യുതന്റെയും പ്രീതയുടെയും മകനാണ് ആദിത്യൻ. ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്. ഏറെ പ്രയാസങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു ഈ വിദ്യാർഥിയുടേത്. അച്ഛൻ 13 വർഷം മുമ്പ് മരിച്ചു. ഒരു സഹോദരിയുണ്ട്.