ചാവക്കാട്: എടക്കഴിയൂർ ബീച്ചിൽനിന്ന് മീൻപിടിത്തത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളെയും 20 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി. എടക്കഴിയൂർ വലിയതറയിൽ മനാഫിന്റെ മകൻ മൺസൂർ(19), തമിഴ്‌നാട് കന്യാകുമാരി സ്വദേശി ജഗൻ (37), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ധനപാലൻ (ബാലു-35) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ കടലിൽ നീന്തുന്നനിലയിൽക്കണ്ട ഇവരെ മറ്റ് മീൻപിടിത്തവള്ളങ്ങളിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി പൊന്നാനിയിലെത്തിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വൈകീട്ടോടെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കടലിൽ ഏറെനേരം കിടന്നതിന്റെ ക്ഷീണമല്ലാതെ ഇവർക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് എടക്കഴിയൂർ പുളിങ്കുന്നത്ത് അസീസിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളത്തിൽ ഇവർ കടലിൽ പോയത്. സാധാരണ രാത്രി പത്തോടെ തിരിച്ചെത്തേണ്ടതാണ്. തിരിച്ചെത്തേണ്ട സമയം കഴിയുകയും ഇവരുടെ ഫോണുകളിലേക്ക് വിളിച്ചിട്ട് കിട്ടാതാവുകയും ചെയ്തതോടെ തീരം ആശങ്കയിലായി.
തിങ്കളാഴ്ച രാത്രി എട്ടോടെ വള്ളത്തിന്റെ അടിഭാഗം തകർന്ന് വള്ളം മുങ്ങുകയായിരുന്നു. വള്ളം മുങ്ങിയതോടെ കടലിൽ പൊങ്ങിക്കിടന്നിരുന്ന റഫ്രിജറേറ്ററിന്റെ മൂടിയിൽ പിടിച്ച് കിടന്നാണ് രാത്രി മുഴുവൻ ഇവർ കഴിച്ചുകൂട്ടിയത്. കാണാതായവർക്കായി ചൊവ്വാഴ്ച തീരദേശ പോലീസിന്റെ ബോട്ടുകളും ഫിഷറീസ് ബോട്ടുകളും മീൻപിടിത്തബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ, കപ്പൽ എന്നിവയും തിരച്ചിലിനിറങ്ങിയിരുന്നു. തഹസിൽദാർ കെ.എം. ഷാജി, മുനയ്ക്കക്കടവ് തീരദേശപോലീസ് എസ്.ഐ.മാരായ എം.എ. ഗോപിനാഥൻ, പി. അറുമുഖൻ, ലോഫിരാജ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് ടി.ടി. ജയന്തി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. എൻ.കെ. അക്ബർ എം.എൽ.എ തിരുവനന്തപുരത്ത് നിന്ന് വിവിധ വകുപ്പുകളുമായി ബന്ധപെട്ടിരുന്നു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ, പഞ്ചായത്ത് അംഗം അറഫാത്ത് എന്നിവർ ഉൾപ്പടെ ജനപ്രതിനിധികളും മത്സ്യത്തൊഴിലാളി നേതാക്കളായ സി.പി.എം. ലോക്കൽ സെകട്ടറി കെ.ബി. ഫസലുദ്ദീൻ, ബി എച്ച് മുസ്താക്, കെ.എച്ച് ഷഹീർ തുടങ്ങിയ പൊതുപ്രവർത്തകരും എടക്കഴിയൂർ തീരത്ത് സജീവമായിരുന്നു.