ചാവക്കാട്: നാഷണൽ ഹൈവേ 66 നവീകരണത്തിന്റെ ഭാഗമായി ചാവക്കാട് മുല്ലത്തറ അടിപ്പാത, മന്ദലാംകുന്ന് എന്നിവിടങ്ങളിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ അൽക ഉപാധ്യായ, നാഷണൽ ഹൈവേ അതോറിറ്റി റീജിയണൽ ഓഫീസർ ബി.എൽ.മീണ എന്നിവർക്ക് ഗുരുവായൂർ എം.എൽ.എ എൻ. കെ. അക്ബർ കത്ത് നൽകി.
നാഷണല്‍ ഹൈവേ 66 വീതികൂട്ടലും നവീകരണ പ്രവര്‍ത്തനത്തി ന്‍റെയും ഭാഗമായി ചാവക്കാട് നഗരത്തിലെ മുല്ലത്തറയില്‍ 25 മീറ്റര്‍ വീതിയില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിനാണ് നാഷണല്‍ ഹൈവേ അതോറിറ്റി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ടി അടിപ്പാത നിര്‍മ്മാണം ചാവക്കാട് നഗരത്തിന്‍റെ സമഗ്രവികസനത്തിനും ടൂറിസം വികസനത്തിനും വലിയ തടസ്സമാണ് സൃഷ്ടിക്കുക. 1978 ല്‍ നഗരസഭയായി മാറിയതാണ് ചാവക്കാട് നഗരസഭ. നഗരം അതിവേഗം വളരുകയാണ്. 25 മീറ്ററാണ് ചാവക്കാട് മുല്ലത്തറയിൽ അടിപ്പാതയ്ക്കായി കണക്കാക്കിയിട്ടുള്ളത്.25 മീറ്റർ മാത്രമായുള്ള ഈ അടിപ്പാത നഗരത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയെ പ്രത്യേകിച്ച് ചാവക്കാട് ബീച്ചിനെ ഒറ്റപ്പെടുത്തുന്ന സാഹചര്യം ഉണ്ടാക്കുന്നതാണ്.
തൃശൂര്‍ ജില്ലയിലെ ഏറ്റവും വലിയ ടൂറിസം ഡെസ്റ്റിനേഷനാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ച്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് ചാവക്കാട് ബീച്ച് സന്ദര്‍ശിക്കുന്നത്. കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പ്രധാന കേന്ദ്രമാണ്. ചാവക്കാട് ബീച്ച് ടൂറിസത്തിനായി കോടിക്കണക്കിന് രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നത്. കൂടാതെ നഗരസഭയുടെയും ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികളും നടപ്പാക്കി വരുന്നതാണ്. ബീച്ചിന്‍റെ നടത്തിപ്പിനായി ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ കമ്മിറ്റിയും നിലവിലുണ്ട്.
നിലവില്‍ അടിപ്പാത നിര്‍മ്മിക്കുന്ന മുല്ലത്തറ ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ ബീച്ചില്‍ നിന്നും വരുന്ന സഞ്ചാരികളുടെ തിരക്ക് മൂലം മണിക്കൂറുകള്‍ നീളുന്ന ട്രാഫിക്ക് തടസ്സമാണ് ഉണ്ടാകുന്നത്.
വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കേരളത്തിന്‍റെ ഗതാഗത പ്രശ്നത്തിനും ടൂറിസം വികസനത്തിനും സഹായകമാകുന്ന തീരദേശ ഹൈവേയും പ്രസ്തുത പ്രദേശവും തമ്മിലുള്ള ബന്ധമാണ്. തീരദേശ ഹൈവേയുടെ പ്രധാന ജംഗ്ഷന്‍ ചാവക്കാട് ബീച്ചിലാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ചാവക്കാട് ബീച്ച് ജംഗ്ഷനില്‍ നിന്നും ചാവക്കാട് നഗരം, ഗുരുവായൂര്‍ ക്ഷേത്ര നഗരി, പാലയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള നേരിട്ടുള്ള റോഡ് മുല്ലത്തറ ജംഗ്ഷനിലേക്കാണ്. തീരദേശ ഹൈവേയെ യാത്രക്കായി തെരഞ്ഞെടുക്കുന്നവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും ചാവക്കാട് നഗരം, പാലയൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യേണ്ടത് ഈ അടിപ്പാത വഴിമാത്രമാണ്. ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന ശബരിമല തീര്‍ത്ഥാടകരുടെ വലിയ തിരക്കാണ് മുല്ലത്തറ ജംഗ്ഷനില്‍ ഉണ്ടാകുക, ആയതിനാല്‍ വലിയ ഗതാഗത കുരുക്കാണ് ഭാവിയില്‍ ടി പ്രദേശത്ത് ഉണ്ടാകുക. കൂടാതെ വളരെ പ്രധാപ്പെട്ട സ്റ്റേറ്റ് ഹൈവേയായ ചൂണ്ടല്‍ – ഗുരുവായൂര്‍ റോഡ്, തൃപ്രയാര്‍ കാഞ്ഞാണി റോഡ് എന്നിവ എത്തിച്ചേരുന്നതും മുല്ലത്തറ ജംഗ്ഷനിലാണ്. പൊതുമരാമത്ത് റോഡിന്‍റെ ബിച്ചിലേക്കുള്ള വികസനത്തിന് വീതി കുറഞ്ഞ പ്രസ്തുത അടിപ്പാത തടസ്സം സൃഷ്ടിക്കുന്നതാണ്. ഗുരുവായൂര്‍ അമ്പലം, പാലയൂര്‍പള്ളി, മണത്തല ജുമാ മസ്ജിദ്, മണത്തല വിശ്വനാഥ ക്ഷേത്രം എന്നിവ ഒരു കുടക്കീഴില്‍ നില്‍ക്കുന്ന ഈ പ്രദേശം തീര്‍ത്ഥാടക ടൂറിസത്തിന് വളരെയധികം സാധ്യതയുള്ള പ്രദേശമാണ് . ചാവക്കാട് നഗരത്തിന്‍റെ അതിവേഗത്തിലുള്ള വളര്‍ച്ച കണക്കിലെടുത്തും ടൂറിസം മേഖലയിലെ വലിയ വികസനങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്തും ചെറിയ അടിപ്പാത ഒഴിവാക്കി ചാവക്കാട് നഗരത്തിലെ മുല്ലത്തറ ജംഗ്ഷനില്‍ 100 മീറ്റര്‍ നീളത്തില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.
മന്ദലാംകുന്ന് സെന്ററിൽ നിലവിലെ പി.ഡബ്ല്യൂ.ഡി റോഡിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ പറ്റിയും ബന്ധപ്പെട്ട അധികാരികൾക്ക് കൊടുത്ത കത്തിൽ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്.
സഭയിൽ ഇന്ന് (05.12.2022) ചോദ്യോത്തര വേളയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.